ഇവിടെയുണ്ട് കാക്കകളെല്ലാം കൂടൊരുക്കി​ ഒളികണ്ണുമായി

Sunday 25 May 2025 4:47 AM IST

കൊച്ചി: കൂട് മാറിയെങ്കിലും കാക്കകൾ ഇവിടെത്തന്നെയുണ്ട്. കൂട്ടിനകത്ത് പഴയപോലെ കുഞ്ഞുങ്ങളുമുണ്ട്. എന്നാൽ,​ കാക്കകളെ ധാരാളമായി കണ്ടിരുന്ന പല പ്രദേശങ്ങളിലും കുറവുണ്ടായതായാണ് കാണപ്പെടുന്നത്. അത് ചേക്കമാറ്റം മാത്രമാണ് എന്നാണ് പക്ഷിനിരീക്ഷകരുടെ കണ്ടെത്തൽ.

രാജ്യത്ത് ഏറ്റവുമധി​കം കാക്കകളുള്ളത് കേരളത്തിലാണ്. വികസന പ്രവർത്തനങ്ങളും ഭക്ഷണലഭ്യതയിലെ പ്രശ്നങ്ങളും കാരണം അവ താവളം മാറ്റുന്നുണ്ട്. കാർഷിക സർവകലാശാലയുടെ വന്യജീവി വിഭാഗവും ബേർഡ് കൗണ്ട് ഇന്ത്യ എന്ന സംഘടനയും ചേർന്ന് നടത്തിയ പഠനത്തിൽ ഇതുസംബന്ധിച്ച് സമാന കണ്ടെത്തലാണുള്ളത്.

മഴക്കാലത്തും വേനൽക്കാലത്തുമായി ആറു വർഷത്തിലേറെ പഠനം നടന്നു. മറ്റു പല പക്ഷികളെയും പോലെ കാക്കകളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ല. ഒളികണ്ണെറിഞ്ഞും മനുഷ്യരെ നിരീക്ഷിച്ചും കളിപ്പിച്ചും ആവശ്യമുള്ള തീറ്ര അവ കൊക്കിലൊതുക്കുന്നുമുണ്ട്.

താവളം മാറാൻ കാരണം

കാക്കകളുടെ പ്രധാന ആഹാരം ഭക്ഷണാവശിഷ്ടങ്ങളാണ്. മുൻകാലങ്ങളിൽ വീട്ടുമുറ്റളിൽനിന്നും പരിസരങ്ങളിൽനിന്നും ഇത് ആവോളം ലഭിക്കുമായിരുന്നു. നഗരവൽക്കരണവും ഫ്ലാറ്റ് സംസ്കാരവും വ്യാപകമായതോടെ ആ നിലയിൽ കാര്യമായ മാറ്റുണ്ടായി. ബംഗളൂരുവിലും കാക്കകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന പ്രചാരണം ശക്തമായിരുന്നു. അവിടെയും അനുയോജ്യ ഇടങ്ങൾ തേടിയുള്ള പറന്നകലൽ മാത്രമാണ് ഉണ്ടായത്. കൃഷിയിടങ്ങളിലെ കടുത്ത കീടനാശിനി പ്രയോഗങ്ങളും മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നു.

കാക്കകൾ കേരളത്തിൽ

രണ്ടിനം കാക്കകളാണ് കേരളത്തിൽ പൊതുവേ കണ്ടുവരുന്നത്,​ ബലികാക്ക (ജംഗിൾ ക്രോ)യും പേനകാക്ക (ഹൗസ് ക്രോ)യും. ബലികാക്കകളുടെ തൂവലുകൾ പൂർണമായും കറുത്തതാണ്.കഴുത്തും തലയും ചാരനിറമുണ്ടാവും പേനകാക്കകൾക്ക്. ഡിസംബർ മുതൽ ജൂൺ വരെയാണ് ഇണചേരലും മുട്ടയിടലും.മൂന്ന് മുതൽ ഒൻപത് വരെ മുട്ടകളുണ്ടാകും.

10 വർഷം വരെയാണ് കാക്കകളുടെ ആയുസ്. ഇവയുടെ എണ്ണം കുറയുന്നുവെന്നത് തെറ്റായ പ്രചാരണമാണ്.

പി.ഒ. നമീർ (പക്ഷി നിരീക്ഷകൻ)​,​ കാർഷിക സർവകലാശാല വന്യജീവി വിഭാഗം മേധാവി