പോളിടെക്‌നിക്‌ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം

Sunday 25 May 2025 12:00 AM IST

എസ്.എസ്.എൽ.സി ,ടി.എച്ച്.എസ്. എൽ. സി പൂർത്തിയാക്കിയവർക്ക് സംസ്ഥാനത്തെ പോളിടെക്‌നിക്‌ കോളേജുകളിൽ മൂന്ന് വർഷ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. സാങ്കേതിക, വ്യവസായ മേഖലയ്ക്കിണങ്ങിയ 42 ബ്രാഞ്ചുകളിൽ താല്പര്യമുള്ളവ തിരഞ്ഞെടുക്കാം. ഇവയിൽ സർക്കാർ, സ്വകാര്യ, സ്വാശ്രയ കോളേജുകളുണ്ട്.രണ്ടു സ്ട്രീമുകളിലായി കോഴ്സുകളുണ്ട്. സ്ട്രീം ഒന്നിൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കോഴ്സുകളും, സ്ട്രീം രണ്ടിൽ മാനേജ്‌മന്റ് ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. സ്ട്രീം ഒന്നിൽ അപേക്ഷിക്കാൻ കണക്ക് , ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം. സ്ട്രീം രണ്ടിലേക്ക് കണക്ക് , ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം.

എ.ഐ , എ.ഐ ആൻഡ് മെഷീൻ ലേണിംഗ്, ആർക്കിടെക്ചർ, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ബയോമെഡിക്കൽ എൻജിനിയറിംഗ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസ്സിനസ്സ് മാനേജ്‌മന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് & ബിഗ് ഡാറ്റ, ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി മുതലായവ മികച്ച ചില പ്രോഗ്രാമുകളാണ്. ആറു സെമസ്റ്ററാണ് കോഴ്സിന്റെ കാലയളവ്.

സർക്കാർ, സർക്കാർ എയ്‌ഡഡ്‌ വിഭാഗത്തിൽ 52 പോളിടെക്‌നിക്കുകളിൽ 12280 ഉം, സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ 47 കോളേജുകളിലായി 6595 സീറ്റുകളുമുണ്ട്. ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ 2340 സീറ്റുകളും സഹകരണ മേഖലയിൽ 360 സീറ്റുകളുമുണ്ട്. എസ്.എസ്.എൽ.സി \ടി.എച്ച്.എസ്. എൽ. സി മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രവേശന പരീക്ഷയില്ല. ജൂൺ 10 നകം ഫീസടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി ജൂൺ 12 നകം അപേക്ഷിക്കണം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 200 രൂപയും, പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപയുമാണ്.

സ്കിൽ വികസനത്തിന് പ്രാധാന്യമേറുമ്പോൾ പോളിടെക്‌നിക്‌ ഡിപ്ലോമയ്ക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴിലവസരങ്ങളുണ്ട്. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ വിദേശത്ത് മികച്ച തൊഴിൽ നേടാം. കോഴ്സ് പൂർത്തിയാക്കിയവർക്ക് ലാറ്ററൽ എൻട്രി വഴി ബി.ടെക്കിനു ചേരാം. സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽ സെമസ്റ്റർ ഫീസ് 1015 രൂപയാണ്. ഐ.എച്ച്.ആർ.ഡി കോളേജുകളിൽ 12100 രൂപയും, സഹകരണ മേഖലയിൽ 9000 രൂപയുമാണ്. സ്വാശ്രയ കോളേജുകളിൽ സർക്കാർ ഫീസ് 22500 രൂപയും , മാനേജ്‌മെന്റ് 37500 രൂപയുമാണ് പ്രതിവർഷ ഫീസ്. എൻ.സി.വി.ടി/എസ്.സി.വി.ടി / കെ.ജി.സി.ഇ രണ്ടു വർഷ മെട്രിക് കോഴ്സ് 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും മേയ് 30 വരെ അപേക്ഷിക്കാം. www.polyadmission.org