ആലത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു
ആലത്തൂർ: ഇന്നലെ പുലർച്ചെ ആലത്തൂർ സ്വാതി ജംഗ്ഷന് സമീപം ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. വാഹനങ്ങൾ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. കൾവർട്ട് നിർമ്മാണം നടക്കുന്ന റോഡാണിത്. യാത്രക്കാർ ഉടൻ ദേശീയ പാത അധികാരികളെ അറിയിച്ച് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കൽവർട്ട് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. അഴുക്കുചാൽ നിർമ്മാണത്തിനായി രണ്ട് വശവും മണ്ണ് നീക്കി ചാക്ക് വച്ച് ബലപ്പെടുത്തിയിരുന്നു. മഴയിൽ ഈ മണ്ണ് നീങ്ങി കുഴിയായതെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം.
നിർമ്മാണ കമ്പനിക്കെതിരെ
കെ.രാധാകൃഷ്ണൻ
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ദേശീയപാത നിർമ്മാണ കമ്പനിക്കെതിരെ കെ. രാധാകൃഷ്ണൻ എം.പി രംഗത്ത്. ബദൽ സൗകര്യങ്ങൾ ഒരുക്കാതെയാണ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ നടത്തിയത്. നിരവധി തവണ നിർമ്മാണ കമ്പനിയോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല. കമ്പനിയുടെ അനാസ്ഥയാണ് പാതയുടെ തകർച്ചയ്ക്ക് കാരണം. ടോൾ പിരിക്കാൻ ഉത്സാഹം കാണിക്കുന്നവർ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയമാണ്.
സമാന്തരപാതകൾ ഒരുക്കാതെയാണ് പാലക്കാട് ജില്ലയിൽ ദേശീയപാത നിർമ്മാണമെന്ന ആരോപണം ശക്തമാണ്. ഇതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. റോഡ് തകർന്ന സംഭവത്തിൽ ഉന്നതലയോഗം വിളിക്കുമെന്ന് എം.പി അറിയിച്ചു. സ്ഥലം സന്ദർശിച്ച് ദേശീയ പാത പ്രോജ്രക്ട് ഡയറക്ടർക്ക് അടിയന്തരമായി ഇടിഞ്ഞ ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിന് നിർദ്ദേശം നൽകി.
മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിമരിച്ചു
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഝാർഗണ്ഡ് സ്വദേശി ബിയാസ് ഓവാൻ (34) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ചാലാക്കുന്നിൽ നിന്നു കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ 12ന് ദേശീയപാതയിൽ കാസർകോട് മട്ടലായികുന്ന് ഇടിഞ്ഞ് പശ്ചിമബംഗാൾ സ്വദേശി മിൻതാജ് മിർ കൊല്ലപ്പെട്ടിരുന്നു. സർവീസ് റോഡിന് വശത്ത് കോൺക്രീറ്റ് പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഇയാളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനും കോൺഗ്രീറ്റ് കമ്പിക്കുമിടയിൽ പെടുകയായിരുന്നു എന്നാണ് വിവരം, ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയെങ്കിലും അതിന് മുന്നേ തൊഴിലാളികൾ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറിയ ഭാഗംമാത്രമാണ് ഇടിഞ്ഞതെങ്കിലും ഇയാൾ മണ്ണിനടിയിൽ പെടുകയായിരുന്നു. ഗതാഗതം ഇല്ലാത്ത പാതയായതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. നിരവധി തൊഴിലാളികൾ ഈ സമയം പ്രവർത്തിയിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നെങ്കിലും മറ്റാർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.