കേരളത്തിൽ കാലവർഷം:  നേരത്തേയെത്തി; വടക്ക് പിടിമുറുക്കി

Sunday 25 May 2025 4:01 AM IST

# തിങ്കളാഴ്ച 11 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: മൂന്നു ദിവസം മുമ്പേ എത്തിയ കാലവർഷം വടക്കൻ ജില്ലകളിൽ പിടിമുറുക്കി. ഇനിയുള്ള

മൂന്ന് ദിവസം വടക്കൻ ജില്ലകളിൽ അതിതീവ്രമഴയായിരിക്കും.മലയോര മേഖലകളിലായിരിക്കും മഴപ്രഹരം.തിങ്കളാഴ്ച തിരുവനന്തപുരം ,കൊല്ലം,ആലപ്പുഴ ഒഴികെയുള്ള പതിനൊന്നു ജില്ലകളിലും റെഡ് അലർട്ടാണ്.ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ഒരാഴ്ചത്തേക്ക് വ്യാപകമായ മഴ ലഭിച്ചേക്കാം.

ഈ മാസം 27ന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ, കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി സ്ഥാപിച്ചിരിക്കുന്ന പതിനാല് മഴമാപിനികളിൽ ഒൻപതിലേറെ എണ്ണത്തിലും തുടർച്ചയായി രണ്ടുദിവസം 2.5 മില്ലി മീറ്ററിലേറെ മഴ രേഖപ്പെടുത്തുകയും അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടുകയും ചെയ്തു. ഭൂമിയിൽ നിന്നുള്ള ചൂടിന്റെ വികരണത്തോത് കുറയുകയും ചെയ്തു. ഇത് മാനദണ്ഡമാക്കിയാണ് കാലവർഷമെത്തിയെന്ന് പ്രഖ്യാപിച്ചത്. പതിനാറ് വർഷം മുമ്പ് 2009ൽ നേരത്തേ എത്തിയതാണ് ഇതിനുമുമ്പുണ്ടായ പ്രതിഭാസം.

റെഡ് അലർട്ട്

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ്.

ഓറഞ്ച് അലർട്ട്

ഇന്ന് അതിശക്ത മഴയ്ക്ക് സാദ്ധ്യതയുള്ള

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

മത്സ്യബന്ധനം പാടില്ല

കേരള തീരത്ത് ശക്തമായ കടലാക്രമണ സാദ്ധ്യതയുണ്ട്. മത്സ്യ ബന്ധനം പാടില്ല.തീരദേശവാസികൾ ജാഗ്രത പുലർത്തണം.

കാറ്റിന് വേഗം 50 കി.മീ

മഴയൊടൊപ്പം ശക്തമായ പടിഞ്ഞാറൻ കാറ്റിനും സാദ്ധ്യത.50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. ജാഗ്രത പാലിക്കണം.

സൈറൺ മുഴങ്ങും, സേനകൾ സജ്ജം

ടോൾ ഫ്രീ 1077, എമർജൻസി 112

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കും. ദുരന്തസാദ്ധ്യതയുണ്ടെങ്കിൽ സൈറണുകൾ മുഴങ്ങും.

 എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂം . ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമർജൻസി സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 ടോൾ ഫ്രീ നമ്പറിലും112 എമർജൻസി നമ്പറിലും ബന്ധപ്പെടാം

അടിയന്തര സേവനത്തിന് കരസേന, നാവികസേന, ഡിഫൻസ്‌ സെക്യൂരിറ്റി കോർപ്‌സ്‌, ഇന്തോ–-ടിബറ്റൻ ബറ്റാലിയൻ യൂണിറ്റ്‌, സി.ആർ.പി.എഫ്. സി.ഐ.എസ്. എഫ് സംഘങ്ങൾ സജ്ജമാണ്.

``അടുത്ത ഏഴ് ദിവസം ജാഗ്രത പുലർത്തണം''

-മുഖ്യമന്ത്രി പിണറായി വിജയൻ