നെടുമ്പന വില്ലേജ് ഓഫീസർക്ക് സി.പി.എമ്മുകാരുടെ ഭീഷണി 'ഭൂമിക്കടിയിൽ താഴ്ത്തും'
കൊല്ലം: കാൽ തല്ലിയൊടിച്ച് ഭൂമിക്കടിയിൽ താഴ്ത്തുമെന്ന് സി.പി.എമ്മുകാർ നെടുമ്പന വില്ലേജ് ഓഫീസർ എസ്.സന്തോഷിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. വ്യാജ കൈക്കൂലി ആരോപണം ഉന്നയിച്ച് 40 ഓളം സി.പി.എം പ്രവർത്തകർ മൂന്ന് മണിക്കൂറോളം ഉപരോധിച്ച ശേഷം ഭീഷണിപ്പെടുത്തിയെന്നാണ് വില്ലേജ് ഓഫീസർ കണ്ണനല്ലൂർ പൊലീസിൽ നൽകിയ പരാതി.
ഭൂമി കൈയേറ്റം ഒഴിപ്പിച്ചത് മുതൽ തനിക്കുനേരെ നിരന്തരം ഭീഷണിയുണ്ടെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ് ഉപരോധം നടത്തിയവരോട് പരാതിക്കാരെ നേരിൽ കൊണ്ടുവരാൻ പറഞ്ഞപ്പോൾ മറുപടി ഇല്ലായിരുന്നുവെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. സമാനമായ പരാതി ഒരുകൂട്ടർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പക്ഷെ അന്വേഷണ റിപ്പോർട്ട് പൂർണമായും തനിക്ക് അനുകൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ പറഞ്ഞു.