എട്ടു വയസുകാരിക്ക് പിതാവിന്റെ മൃഗീയ മർദ്ദനം, പ്രതി അറസ്റ്റിൽ ദൃശ്യം അമ്മയെ തിരികെവരുത്താനുള്ള തമാശയെന്ന് ഇരയായ പെൺകുട്ടി

Sunday 25 May 2025 12:13 AM IST

കണ്ണൂർ : എട്ടു വയസ്സുകാരിയായ മകളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് പിതാവിനെ ചെറുപുഴ പൊലീസ് അറസ്റ്റുചെയ്തു. കാസർകോട് ചിറ്റാരിക്കൽ സ്വദേശിയായ മാമച്ചനെന്ന ജോസിനെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തി ചെറുപുഴ പൊലീസ് അറസ്റ്റുചെയ്തത്. അകന്നുകഴിയുന്ന അമ്മ തിരിച്ചുവരാൻ വേണ്ടി തമാശാരൂപത്തിലുള്ള പ്രാങ്ക് വീഡിയോ എടുത്തതാണ് പ്രചരിച്ചതെന്നാണ് മർദ്ദനത്തിനിരയായ പെൺകുട്ടിയുടെ മൊഴി. പൊലീസ് അത് മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രചരിച്ചത് പ്രാങ്ക് വീഡിയോ ആണെന്ന് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ് കുമാർ പറഞ്ഞു. ജോസുമായി പിണങ്ങിയ കുട്ടികളുടെ അമ്മ സ്വന്തം വീട്ടിലാണ് താമസം.

കുട്ടിയുടെ തല ഭിത്തിയിൽ ഇടിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും കത്തി വീശുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെ ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ നടപടിയെടുക്കാൻ ചെറുപുഴ പൊലീസിനു നിർദ്ദേശം നൽകുകയായിരുന്നു.

ആക്രമണദൃശ്യങ്ങൾ 12 വയസ്സുകാരനായ സഹോദരനാണ് മൊബൈലിൽ പകർത്തിയത്.വ്യാഴാഴ്ച രാത്രി മർദ്ദനദൃശ്യങ്ങൾ കുട്ടികൾ അമ്മയ്ക്ക് അയച്ചുകൊടുത്തു. അവർ അടുത്ത ബന്ധുക്കൾക്ക് വീഡിയോ അയച്ചതിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു.

മരംമുറി തൊഴിലാളിയായ ജോസും മൂന്നുമക്കളും ചെറുപുഴയിലാണ് താമസം. ജോസ് അറസ്റ്റിലായതോടെ കുട്ടികൾ താമസം ജോസിന്റെ സഹോദരിക്കൊപ്പമാക്കി. സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. ആവശ്യമായ ഇടപെടൽ നടത്താൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാജോർജ് നിർദ്ദേശം നൽകി.

അയ്യോ അച്ഛാ, തല്ലല്ലേ

വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാൻ ഓങ്ങി 'നിന്റെ അമ്മയെ വേണോ എന്നെ വേണോ' എന്ന് ജോസ് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. തല്ലല്ലേ അച്ഛാ' എന്ന് കുട്ടി നിലവിളിച്ച് കൈകൂപ്പുന്നതും കുട്ടിയെ മുടിയിൽ പിടിച്ച് നിലത്തും ചുമരിലുമിടിക്കുന്നതും വലിച്ചെറിയുന്നതും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലുണ്ട്.

മർദ്ദനം പതിവെന്ന് മാതൃസഹോദരി മാമച്ചൻ മദ്യപിച്ചെത്തി ഭാര്യയെയും കുട്ടികളെയും മർദ്ദിക്കാറുണ്ടെന്ന് അമ്മയുടെ സഹോദരി അനിത പറഞ്ഞു. പ്രചരിച്ച ദൃശ്യം പ്രാങ്ക് അല്ല. മർദ്ദനം സഹിക്കവയ്യാതെയാണ് അമ്മ വീടുവിട്ടിറങ്ങിയത്. ജോസും രണ്ട് കുട്ടികളും അഞ്ച് മാസമായി തനിച്ചാണ് താമസം. കുട്ടികളെ ഇയാൾ സ്‌കൂളിൽ വിട്ടിരുന്നില്ലെന്നും അനിത പറഞ്ഞു.