പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തൽ : വി.ഡി.സതീശൻ
കോട്ടയം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പരിഹാസം. പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സർക്കാർ ഇല്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. സർക്കാർ ഉണ്ടെന്നത് ഒരു മേഖലയിലും ജനങ്ങൾക്ക് അനുഭവപ്പെടുന്നില്ല. ദേശീയപാത തകർച്ചയ്ക്ക് മുൻപ് റിപ്പോർട്ട് തയ്യാറാക്കിയതിനാലാണ് വികസന നേട്ടമായി ഉയർത്തിക്കാട്ടിയത്. ക്രെഡിറ്റെടുക്കാൻ നിരന്തരം റീൽ ഇറക്കിയവരെ ഇപ്പോൾ കാണാനില്ല. സർക്കാർ കെട്ടിപ്പൊക്കിയ അവകാശവാദങ്ങളും ഹൈവേ പൊളിഞ്ഞുപോയതുപോലെ ഇല്ലാതാകും. പാലാരിവട്ടം പാലത്തിന് സാങ്കേതിക തകരാർ ഉണ്ടായപ്പോൾ പൊതുമരാമത്ത് മന്ത്രിയെ വിജിലൻസ് കേസിൽപ്പെടുത്തി രാജി ആവശ്യപ്പെട്ടവർ ഇപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാനോ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനോ തയ്യാറാകുന്നില്ല. വികസനകാര്യങ്ങളിൽ എട്ടുകാലി മമ്മൂഞ്ഞാണ് സർക്കാർ. തങ്ങൾ കെ റെയിൽ പദ്ധതിയെ മാത്രമേ എതിർത്തിട്ടുള്ളൂ. പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നതിനാലാണത്. യു.ഡിഎഫ് അടിത്തറ വികസിപ്പിക്കുന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.