ചാലിയാറിൽ ജലനിരപ്പ് ഉയരുന്നു: ഒറ്റപ്പെടൽ ഭീതിയിൽ ആദിവാസി ഊരുകൾ

Sunday 25 May 2025 12:41 AM IST

എടക്കര: ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കാലവർഷാരംഭത്തിൽ തന്നെ പോത്തുകല്ല് പഞ്ചായത്തിലെ ആദിവാസി ഊരുകൾ ഒറ്റപ്പെടുന്ന അവസ്ഥ. മുണ്ടേരി ഇരുട്ടുകുത്തി കടവിൽ ശക്തമായ കുത്തൊഴുക്കുണ്ട്. മഴക്കാലമായാൽ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി എന്നീ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളുടെ ഊരുകളിലേക്ക് എത്തിച്ചേരാൻ ഇരുട്ടുകുത്തി കടവ് കടക്കണം. കഴിഞ്ഞ കാലങ്ങളിലൊക്കെ മഴക്കാലമെത്തും മുൻപുതന്നെ തന്നെ മുളകൊണ്ടുള്ള ചങ്ങാടം ഉണ്ടാക്കി തയ്യാറെടുപ്പ് നടത്തുമായിരുന്നു. അതിലൂടെയായിരുന്നു അക്കര കടന്നിരുന്നത്. ഇപ്പോൾ ഈ സ്ഥലത്ത് പാലം പണി പുരോഗമിക്കുന്നതിനാൽ ഇവിടെ ചങ്ങാടം ഇറക്കാനാവില്ല.മൂന്ന് തൂണുകളാണ് പുഴയ്ക്ക് നടുവിലായി പണിതുകൊണ്ടിരിക്കുന്നത് നീളമേറിയ മുളച്ചങ്ങാടം ഇവിടെ തുഴയാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മുകളിലായുള്ള തരിപ്പ പൊട്ടി നഗറിനടുത്തുള്ള കടവിൽ ചെങ്ങാടം കെട്ടി ഇറക്കാം . പക്ഷേ, അവിടേക്ക് യാത്രക്കാർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. ദുഷ്‌കരവുമാണ്. മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിലെ ദുർഘടമായ വന്യജീവികളുടെ വിഹാരകേന്ദ്രത്തിലൂടെ വേണം എത്താൽ. ഈ മേഖലയിലാണെങ്കിൽ ആന, പന്നി, കാട്ട് പോത്ത് എന്നിവയ്ക്ക് പുറമേ കരടിയുടെയും ശല്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൃഷിത്തോട്ടത്തിലെ തേനീച്ചക്കൂടുകൾ കരടിനശിപ്പിച്ചിരുന്നു.

മഴ കനത്താൽ ബുദ്ധിമുട്ടേറെ

മഴ കനത്താൽ ജൂണിൽ സ്‌കൂൾ തുറക്കുമ്പോൾ നഗറുകളിലെ വിദ്യാർത്ഥികളുടെ യാത്ര ഏറെദുഷ്‌ക്കരമാകും.

നാല് നഗറുകളിലുമായി 140 കുടുബങ്ങളും കുട്ടികളും ഗർഭിണികളും വൃദ്ധരുമായി 600ഓളം പേരാണുള്ളത്. ഗർഭിണികളെ ആശുപത്രികളിലേക്ക് കൊണ്ടുപോവേണ്ടി വരികയാണെങ്കിൽ എയർ ലിഫ്റ്റിംഗ് അല്ലാതെമാർഗ്ഗമില്ല.

കഴിഞ്ഞ പ്രളയകാലത്ത് ഈ ഊരുകളിൽ ഒറ്റപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ എയർഫോഴ്സിന്റെ സഹായം വേണ്ടിവന്നു.

കാലവർഷം ശക്തിപ്രാപിക്കും മുൻപ് മേഖലയിലെ ജനങ്ങൾക്കാവശ്യമായ സുരക്ഷാ മുൻകരുതലുകൾ അധികൃതർ സ്വീകരിക്കണമെന്നാണ് ആവശ്യം