നായിബ് സുബൈദാർ ജിം എം.ജോർജ്, വൈദികനാണ് ‌‌ഈ സൈനികൻ

Sunday 25 May 2025 12:56 AM IST

പത്തനംതിട്ട : കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിവികാരി ഫാ.ജിം എം.ജോ‌ർജ് ഇന്ത്യൻ പട്ടാളത്തിന്റെ ഭാഗമായി. ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയശേഷം ഇന്ത്യൻ ആർമിയുടെ ആസാം റെജിമെന്റിൽ ജൂനിയർ കമ്മിഷൻ ഓഫീസറായി ഡെറാഡൂണിൽ ഇന്നലെ അദ്ദേഹം ചുമതലയേറ്റു. ളോഹ അഴിച്ച് ഇന്ത്യൻ പട്ടാളത്തിന്റെ കുപ്പായം അണിഞ്ഞെങ്കിലും അത്മീയതയും കൗൺസലിംഗും തന്നെയാണ് ജിമ്മിന്റെ പ്രവർത്തന പരിധിയിൽ പ്രധാനമായുള്ളത്.

ഇന്ത്യൻ ആർമിയിൽ മതാദ്ധ്യാപകർക്കായി (റിലീജിയസ് ടീച്ചർ) നീക്കി വച്ചിട്ടുള്ള ഒഴിവിൽ 2024ൽ ദക്ഷിണേന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ജിം എം.ജോ‌ർജ്. ഒന്നരവർഷം മുൻപ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടാളക്കാരനാകാൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു. സൈനികർക്ക് ആത്മീയ കാര്യങ്ങൾ പകർന്നു നൽകുന്നതിനൊപ്പം കൗൺസലിംഗും മോട്ടിവേഷനും നൽകി മാനസിക പിരിമുറുക്കും ഇല്ലാതാക്കുകയും മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് റിലീജിയസ് ടീച്ചറുടെ ജോലി. 27നും 34നും ഇടയിൽ പ്രായമുള്ള വൈദികർക്ക് മാത്രമേ ഇൗ പോസ്റ്റിലേക്ക് അപേക്ഷിക്കാനാകുക. അപേക്ഷ സമർപ്പിച്ച 18 പേരിൽ നിന്ന് തിരഞ്ഞെടുത്ത രണ്ടുപേരിൽ ഒരാളാണ് ജിം. പട്ടാളത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും ഇവർക്കും ബാധകമാണ്.

ശാരീരിക ക്ഷമതയും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി റിട്ടേൺ ടെസ്റ്റും പാസായതോടെ പട്ടാളത്തിലേക്കുള്ള ആദ്യ കടമ്പ കടന്നു.

1600 മീറ്റർ ദൂരം എട്ടു മിനിട്ടിൽ ഓടിയെത്തുന്നതുൾപ്പടെയുള്ള കടുത്ത പരിശീലനമുറകളായിരുന്നു ട്രെയിനിംഗ് പിരീഡിൽ ഉണ്ടായിരുന്നതെന്ന് ജിം പറഞ്ഞു. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയും ഭദ്രാസന മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ സെറാഫിമിയും അനുമതി നൽകിയതോടെ പട്ടാള പ്രവേശനം സാദ്ധ്യമായി. കൊടുമൺ സെന്റ് ബഹനാൻസ് പള്ളി, കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങളിലായുള്ള നാലു വർഷത്തെ വൈദിക ജീവിതത്തിന് ശേഷമാണ് ജിം എം.ജോ‌ർജ് പട്ടാള ജീവിതത്തിന് തുടക്കമിടുന്നത്.

പത്തനാപുരം ഐവേലിൽ ബിൻസി വിൽസനാണ് ഭാര്യ. മക്കൾ : സൈറസ്, ക്രിസ്. പത്തനംതിട്ട ചെന്നീർക്കര മാത്തൂർ മലയിൽപറമ്പിൽ എം.വി.ജോർജ് - ഓമന ദമ്പതികളുടെ മകനാണ് ജിം.

ആത്മീയതയുടെ അടയാളമായ ളോഹയും ഇന്ത്യയുടെ കരുത്തായ സൈന്യത്തിന്റെ വേഷവും അണിയാൻ കഴിയുക എന്നത് അത്യാപൂർവമായ ഭാഗ്യമാണ്. ഇതിനെ ദൈവ നിയോഗമായിട്ടാണ് കാണുന്നത്.

നായിബ് സുബൈദാർ ജിം എം.ജോർജ്