അഞ്ചൽ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തുകളിൽ മഴക്കാല പൂർവ ശുചീകരണം സ്വാഹ

Sunday 25 May 2025 12:10 AM IST

അഞ്ചൽ: അഞ്ചൽ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തുകളിൽ മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ നാളിതുവരെ ആരംഭിച്ചിട്ടില്ല. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഈ പഞ്ചായത്തുകളിൽ യാതൊരുവിധ പ്രവർത്തനവും നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊതു ഇടങ്ങളിലും റോഡുവക്കിലും വെള്ളക്കെട്ടും മാലിന്യങ്ങളും കാണാം. ചിലസ്ഥലങ്ങളിൽ കാട് മൂടി കിടക്കുകയും ചെയ്യുന്നുണ്ട്. കാട് മൂടി കിടക്കുന്ന സ്ഥലങ്ങളിലാണ് മാലിന്യം തള്ളുന്നത്.

പകർച്ചപ്പനി വ്യാപകം

കാലവർഷം ആരംഭിച്ചതോടെ പകർച്ചപ്പനിയും വ്യാപകമാകാൻ തുടങ്ങിയിട്ടുണ്ട്. മുൻ കാലങ്ങളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ പകർച്ചപ്പനി കാരണം മരണപ്പെട്ടിട്ടുള്ളത് അഞ്ചൽ മേഖലയിലാണ്. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും വീട് സന്ദർശിച്ച് ബോധവത്കരണം നടത്തേണ്ടതാണ്. എന്നാൽ ഇതൊന്നും ഇടമുളയ്ക്കൽ, അഞ്ചൽ പ‌ഞ്ചായത്തുകളിൽ നടക്കുന്നില്ല. മാലിന്യ മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും നാടുനീളെ മാലിന്യം തന്നെ. സ്കൂളുകൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ മാലിന്യങ്ങളും മലിനജലവും പകർച്ചപ്പനി വ്യാപകമാക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

വെള്ളക്കെട്ടുകൾ

അഞ്ചൽ-ആയൂർ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും പല സ്ഥലങ്ങളിലും ഓടകൾ നിർമ്മിക്കാത്തതിനാൽ റോഡിൽ വെള്ളക്കെട്ടുകൾ ഉണ്ടാവുകയാണ്. ഇവിടെയും കൊതുക് ശല്യം ശക്തമായിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ കടുത്ത നിസംഗതയാണ് പകർച്ചപ്പനികൾ തടയുന്ന കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്.

മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് അടിയന്തര ഇടപെടൽ നടത്തണം.

രാജീവ് കോശി

(ഇടമുളയ്ക്കൽ ഗ്രമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമാണ്)