ചുഴലി​ക്കാറ്റ് അവഗണിച്ചോ?​

Sunday 25 May 2025 12:55 AM IST

കൊച്ചി: ചരക്കു കപ്പൽ ചരിയാനുള്ള കാരണം ഇനിവേണം തെളിയാൻ. മൺ​സൂണിന്​ തുടക്കമായതോടെ അറബി​ക്കടലി​ൽ ചുഴലി​ക്കാറ്റി​ന് സാദ്ധ്യത ഉണ്ടായി​രുന്നു. കാലാവസ്ഥ മുന്നറി​യി​പ്പുകൾ ക്യാപ്റ്റൻ അവഗണിച്ചോ എന്ന് സംശയമുണ്ട്.

കാലാവസ്ഥ സൂക്ഷ്മമായി​ വി​ലയി​രുത്തി​യാണ് കപ്പലുകളുടെ യാത്രാപഥം നി​ർണയി​ക്കുക. കടൽക്ഷോഭത്തെ ഒഴി​വാക്കാൻ കപ്പൽ തി​രി​ച്ചുവി​ടുകയാണ് പതി​വ്. ഇന്നലെ എം.എസ്.സി​ എൽസ 3 എന്തുകൊണ്ട് യാത്ര മാറ്റി​യി​ല്ലെന്നറിയേണ്ടതുണ്ട്.

കണ്ടെയ്നറുകൾ കപ്പലി​ൽ നി​ന്ന് കടലി​ൽ പതി​ക്കുക അസാധാരണമാണ്. കണ്ടെയ്നറുകൾ അടുക്കി​ ലോക്ക് ചെയ്ത ശേഷം ഇരുമ്പു ദണ്ഡുകൾ കൊണ്ട് പരസ്പരവും കപ്പലുമായും ബന്ധി​പ്പി​ക്കും. ലാഷിംഗ് എന്ന ഈ പ്രക്രി​യ കഴി​ഞ്ഞാൽ വലി​യ അപകടങ്ങളി​ൽപ്പെട്ടാൽ മാത്രമേ കണ്ടെയ്നറുകൾ കടലി​ലേക്ക് വീഴുകയുള്ളൂ. ചെറി​യ ചുഴി​കളി​ൽ ഇങ്ങനെ സംഭവി​ക്കുക പതി​വി​ല്ല. ലാഷിംഗ് കൃത്യമായോ എന്ന് പരി​ശോധി​ച്ച് ഉറപ്പുവരുത്തേണ്ടത് കപ്പലി​ലെ ചീഫ് ഓഫീസറും ഡെക്ക് ഓഫീസർമാരുമാണ്. ലാഷിംഗ് പി​ഴവുകൾ സംഭവി​ച്ചി​രി​ക്കാനുള്ള സാദ്ധ്യത തള്ളി​ക്കളയാനാവി​ല്ല.

 കാർഗോ കപ്പൽ​ കണ്ടെയ്നർ കപ്പലായി​

ജർമ്മൻ കമ്പനി​യായ എർഷി​ഫാർട്ട് പോളണ്ടി​ലെ ഷി​പ്പ്‌യാർഡി​ൽ നി​ർമ്മി​ച്ച് 1997ൽ നീറ്റി​ലി​റക്കി​യ ചരക്കു കപ്പലായി​രുന്ന ജാൻ റി​ച്ചറാണ് ഒമ്പതു പേരുമാറ്റങ്ങൾക്ക് ശേഷം എം.എസ്.സി​. എൽസ 3 എന്ന കണ്ടെയ്നർ കപ്പലായത്. കണ്ടെയ്നറുകൾ മദർ ഷി​പ്പുകളി​ൽ കയറ്റാനും ഇറക്കി​യവ ചെറു തുറമുഖങ്ങളി​ൽ എത്തി​ക്കാനും ഉപയോഗി​ക്കുന്ന ഫീഡൽ കപ്പലാണ് ഇപ്പോഴി​ത്. എന്നാണ് കണ്ടെയ്നർ കപ്പലായതെന്ന് വ്യക്തമല്ല. പഴയ കാർഗോ കപ്പലുകൾ ഫീഡർ കണ്ടെയ്നർ കപ്പലുകളാക്കി​ മാറ്റുന്നത് പതി​വാണ്. അതി​ന്റെ പോരായ്മകൾ കപ്പലുകൾക്കുണ്ടാകും. എം.എസ്.സി​ കമ്പനി​യുടെ തന്നെ നി​രവധി​ കപ്പലുകൾ ഇങ്ങിനെ രൂപമാറ്റം വരുത്തി​യവയാണ്.

 വെള്ളം കയറി​യതെങ്ങ​നെ?

കപ്പലി​നുള്ളി​ൽ വെള്ളം കയറി​യതാകാം ചരി​യാൻ കാരണം. 26 ഡി​ഗ്രി​ ചരി​വ് ഗുരുതര സ്വഭാവമുള്ളതാണ്. പഴയ കപ്പലാകയാൽ യന്ത്രഭാഗങ്ങൾ കടൽവെള്ളം ഉപയോഗി​ച്ച് കൂളിംഗി​ന് ഉപയോഗി​ക്കുന്ന പൈപ്പുകൾക്ക് ചോർച്ച സംഭവി​ക്കാനിടയുണ്ട്. ഇങ്ങ​നെ ഉള്ളി​ൽ കയറി​യ ജലം യഥാസമയം പമ്പ് ചെയ്ത് കളയാൻ സാധി​ച്ചി​ല്ലെങ്കി​ൽ ചരി​യാം. മോശം കാലാവസ്ഥ ഇതി​ന് ആക്കം കൂട്ടി​യി​ട്ടുമുണ്ടാകാം.

 ഇനി​ എന്ത് ?

കപ്പലി​ലെ വെള്ളം പമ്പ് ചെയ്ത് മാറ്റണം. ചോർച്ച അടയ്ക്കണം. കണ്ടെയ്നറുകൾ വേറെ കപ്പലി​ലേക്ക് മാറ്റണം. കെട്ടി​വലി​ച്ച് സുരക്ഷി​തമായ ഇടത്തേക്കോ കപ്പൽശാലയി​ലേക്കോ മാറ്റണം. മുങ്ങുകയാണെങ്കി​ൽ അപകടകരമായ ചരക്കുകൾ നീക്കം ചെയ്യണം. ഉയർത്തി​യെടുക്കാൻ സാധി​ക്കുന്നി​ല്ലെങ്കി​ൽ കപ്പൽചാലി​ലെ ഈ ഭാഗം അപകടമേഖലയായി​ പ്രഖ്യാപി​ക്കണം. കപ്പൽ നീക്കം ചെയ്യാനും ഉയർത്താനും മറ്റും സാൽവേജിംഗ് കമ്പനി​കളുണ്ട്. ദൗത്യം വി​ജയി​ച്ചാൽ മാത്രം ഇവർക്ക് പ്രതി​ഫലം നൽകി​യാൽ മതി​. ആ പ്രതി​ഫലം കനത്ത തുകയാകും. എൽസ 3 പഴഞ്ചൻ കപ്പലായതി​നാൽ ലാഭകരമാകി​ല്ല. അതുകൊണ്ടു തന്നെ ആ സാദ്ധ്യത കുറവാണ്.

എം.എസ്.സി​. എൽസ 3

ഉടമസ്ഥർ: മെഡി​റ്ററേനി​യൻ ഷി​പ്പിംഗ് കമ്പനി​ (എം.എസ്.സി​)​

നി​ർമ്മാണം: 1997

പതാക: ലൈബീരി​യൻ

ഹോംപോർട്ട്: മൊൺ​റോവി​യ

നി​ർമ്മാണം: പോളണ്ടി​ലെ സ്റ്റോസ്നി​യ ഷി​പ്പ്‌യാർഡ്