വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി
കൊല്ലം: വീടു വിട്ടിറങ്ങിയ പതിമൂന്നുകാരിയെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ. ഷൈജു, സി.പി.ഒ ടി. സാഗർ എന്നിവരാണ് രക്ഷകരായത്.
ഇന്നലെ ഉച്ചയ്ക്ക് മുൻപാണ് അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. അഞ്ചാലുംമൂട് പൊലീസിൽ പരാതി ലഭിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് അടക്കം നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും പെൺകുട്ടിയുടെ ഫോട്ടോ സഹിതം സന്ദേശം കൈമാറി. അതിന് പിന്നാലെ ഗ്രേഡ് എസ്.ഐ ഷൈജുവും സി.പി.ഒ സാഗറുമടങ്ങിയ പട്രോളിംഗ് സംഘം കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമെത്തി. എൻ.ജി.ഒ യൂണിയൻ ഓഫീസിന് സമീപത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ പെൺകുട്ടി ഡിപ്പോയിലേക്ക് നടന്നുപോകുന്നതായി കണ്ടെത്തി. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഡിപ്പോയിലേക്ക് പാഞ്ഞു. അപ്പോൾ 1.22 ഓടെ തിരുവനന്തപുരത്തേക്കുള്ള ബസിൽ പോകുന്ന ദൃശ്യം സ്റ്റാൻഡിൽ ലഭിച്ചു. ഇതോടെ ഡിപ്പോ അധികൃതർ പെൺകുട്ടി കയറിയ ബസിന്റെ കണ്ടക്ടറെ ഫോണിൽ ബന്ധപ്പെട്ടു. വാട്സ്ആപ്പിൽ പെൺകുട്ടിയുടെ ചിത്രം അയച്ചു കൊടുത്തു.
കണ്ടക്ടർ തിരഞ്ഞപ്പോൾ ബസിൽ പെൺകുട്ടി ഉണ്ടായിരുന്നു. അപ്പോൾ ബസ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ എത്തിയിരുന്നു. തുടർന്ന് തമ്പാനൂർ പൊലീസിന് വിവരം കൈമാറി. ബസ് തമ്പാനൂർ സ്റ്റാൻഡിൽ എത്തിയതോടെ തമ്പാനൂർ പൊലീസെത്തി പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.