ഗിൽസേ...

Sunday 25 May 2025 4:15 AM IST

മുംബയ്: ഇതിഹാസ താരങ്ങളായ രോഹിത് ശർമ്മയുടേയും വിരാട് കൊ‌ഹ്‌ലിയുടേയും ആർ.അശ്വിന്റെയും പടിയിറക്കത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇനി ശുഭകാലം. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്‌ടനായി ശുഭ്‌മാൻ ഗില്ലിനെ നിയമിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ വൈസ് ക്യാപ്ടനായും തിരഞ്ഞെടുത്തു. ഇന്നലെ മുംബയ്‌യിലെ ബി.സി.സി.ഐ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ചീഫ് സെലക്‌ടർ അജിത് അഗാർക്കറാണ് ഗില്ലിനെ ക്യാപ്‌ടനായി തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ജസ്‌പ്രീത് ബുംറയേയും കെ.എൽ രാഹുലിനേയും മറികടന്നാണ് 25കാരനായ ഗിൽ ക്യാപ്‌ടൻ സ്ഥാനത്തേക്ക് എത്തിയത്.

ഗില്ലും പന്തും ഉൾപ്പെടെയുള്ള ഇംഗ്ലണ്ട് പര്യടനത്തിനുള്ള പതിനട്ടംഗ ഇന്ത്യൻ ടീമിനേയും പ്രഖ്യാപിച്ചു. ഏട്ട് വർഷങ്ങൾക്ക് ശേഷം മറുനാടൻ മലയാളി താരം കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയ്‌ക്കായി പുറത്തെടുത്ത മികച്ച പ്രകടനമാണ് കരുണിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറന്നു കൊടുത്തത്. ഐ.പി.എൽ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ ഗില്ലിനൊപ്പം ഓപ്പണറായ തമിഴ്‌നാട് താരം സായി സുദർശനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന അഭിമന്യു ഈശ്വരനും ടീമിലേക്ക് വഴിതുറന്നു. ഇടവേളയ്‌ക്ക് ശേഷം ഷർദുൾ താക്കൂറിനെ തിരിച്ചു വിളിച്ചു. ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷർദുൽ, അകശ്ദീപ്,അർഷ്‌ദീപ് എന്നിവരാണ് പേസ് ഡിപ്പാർട്ട്‌മെന്റിലുള്ളത്. അർഷ‌്ദീപിനെ ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിം‌‌ഗ്‌ടൺ സുന്ദർ എന്നിവരുണ് സ്‌പിൻ ഡിപ്പാർട്ട‌്‌മെന്റിൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മികച്ച പ്രകടം നടത്തിയ നിതീഷ് കുമാർ റെഡ്ഡിയും യശ്വസി ജയ്‌സ്വാളും ടീമിലുണ്ട്. ധ്രുവ് ‌ജുറേലാണ് രണ്ടാം വിക്കറ്റ് കീപ്പർ. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇംഗ്ലണ്ട് പര്യടനം. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ടീം : ഗിൽ (ക്യാപ്‌ടൻ), പന്ത് ( വൈസ് ക്യാപ്‌ടൻ), കെ.എൽ രാഹുൽ, ജയിസ്വാൾ, സുദർശൻ,അഭിമന്യൂ,കരുൺ,നിതീഷ്, ജഡേജ,ധ്രുവ്,സുന്ദർ,ഷർദുൽ,ബുംറ, സിറാജ്,പ്രസിദ്ധ്,അകശ്‌ദീപ്,അർഷ്‌ദീപ്,കുൽദീപ്.

നോ ശ്രേയസ്,ഷമി,സർഫറാസ്

ബാറ്റർമാരായ ശ്രേയസ് അയ്യർ സർഫറാസ് ഖാൻ പേസർ മുഹമ്മദ് ഷമി എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ആഭ്യന്തര ക്രിക്കറ്റിലും ചാമ്പ്യൻസ് ട്രോഫിയുലുമെല്ലം മികച്ച പ്രകടനം നടത്തിയ ശ്രയേസ് ടീമിലുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. കൊൽക്കത്ത നൈറ്റ് റേഡേഴ്സിനെ കഴിഞ്ഞ തവണ ഐ.പി.എൽ ചാമ്പ്യൻമാരായപ്പോൾ ക്യാപ്‌ടൻ ശ്രേയസും മെന്റർ നിലവിലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറുമായിരുന്നു. അതിനാൽ തന്നെ ശ്രേയസ് ടീമിലുണ്ടാകുമെന്നാണ് കരുതിയെങ്കിലും നിലവിൽ ടെസ്റ്റ് ടീമിൽ ശ്രേയസിന് സ്ഥലമില്ലെന്നായിരുന്നു അഗാർക്കർ പത്രസമ്മേളനത്തിൽ പറഞ്ഞത്.

ഇത്രയും നീണ്ട പരമ്പരയിൽ കളിക്കാനുള്ള ശരീരിക ക്ഷമത നിലവിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഷമിയെ ഒഴിവാക്കിയത്. ഷമിയുടെ ജോലിഭാരം കുറയ്‌ക്കുക എന്ന ലക്ഷ്യവും ഒഴിവാക്കലിന് പിന്നിലുണ്ട്. ഷമി പരിക്കിൽ നിന്ന് മോചിതനായി തിരച്ചെത്തിയിട്ട് അധിക കാലമായില്ല. ഐ.പി.എല്ലിലും ഷമിക്ക് തിളങ്ങാനായിരുന്നില്ല.

ഇംഗ്ലണ്ട് പര്യടനം മുൻനിറുത്തി പത്ത് കിലോ ശരീര ഭാരം കുറച്ച് കനത്ത പരിശീലനം നടത്തി വന്ന സർഫ്രാസിനും ഇടം നേടാനായില്ല. ചിലപ്പോൾ ഇത്തരം തീരുമാനം എടുക്കേണ്ടി വരുമെന്നാണ് അഗാർ‌ക്കർ സർഫറാസിനെ ഒഴിവാക്കിയതിനെ കുറിച്ച പറഞ്ഞത്. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സർഫറാസ് സെ‌ഞ്ച്വറി നേടിയത് മറക്കുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന് തിളങ്ങാനായില്ല. ഓസ്ട്രേലിയയിൽ കളിച്ചുമില്ല. നിലവിലെ സാഹചര്യത്തിൽ കരുൺ നായർ തുടർച്ചായായി മികച്ച പ്രകടനം പുറത്തെടുക്കുന്നത് കണ്ടില്ലെന്ന് വയ്ക്കാനാകില്ല.- അഗാർക്കർ പറഞ്ഞു.

ബുംറ എല്ലാ മത്സരവും കളിച്ചേക്കില്ല

പരിക്ക് വരാൻ സാധ്യത കൂടുതലായതിനാലാണ് മുൻപ് വൈസ് ക്യാപ്‌ടനായിരുന്ന ജ‌സ്‌പ്രീത് ബുംറയെ ക്യാപ്‌ടൻ ആക്കാതിരിക്കാനുള്ള പ്രധാന കാരണം. ബുംറ ഇംഗ്ലണ്ടിൽ എല്ലാ ടെസ്റ്റിലും കളിക്കുമെന്ന് കരുതാനാകില്ല. അദ്ദേഹം കളിക്കാരനായി ടീമിൽ എപ്പോഴും വേണമെന്നാണ് ആഗ്രഹം. അദ്ദേഹത്തെ ഫിറ്റായി നിറുത്തുക എന്നതാണ് പ്രധാനം.. - അഗാർക്കർ പറഞ്ഞു.

5- പ്രായം കുറഞ്ഞ ഇന്ത്യൻ ടെസ്റ്റ് ക്യാപ്‌ടൻമാരിൽ അഞ്ചാം സ്ഥാനത്താണ് 25കാരനായ ഗിൽ

37- ഇന്ത്യയുടെ 37-ാമത്തെ ടെസ്റ്റ് ക്യാപ്‌ടൻ

ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മൂന്ന് ഫോർമാറ്റിലും മൂന്ന് ക്യാപ‌ടൻമാർ വരുന്നത്. രോഹിത് (ഏകദിനം), ഗിൽ (ടെസ്റ്റ്),സൂര്യകുമാർ (ട്വന്റി-20)

തനി ഗ്രാമീണൻ

ഡൽഹി മുംബയ് ബംഗളൂരു കൊൽക്കത്തപോലുള്ള വലിയ നഗങ്ങളിൽ നിന്നല്ലാതെ വീണ്ടുമൊരു ടെസ്റ്റ് ക്യാപ്‌ടനെ ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുകയാണ്. എം.എസ് ധോണിയാണ് ഇതിന് മുമ്പ് വലിയ നഗരത്തിൽ നിന്നല്ലാതുള്ള ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നായിരുന്നു ധോണിയുടെ വരവ്. എന്നാൽ ശുഭ്‌മാൻ ഗിൽ പഞ്ചാബിലെ പാക് അതിർത്തി ഗ്രാമമായ ചക് ‌ജയിമൻ സിംഗ് വാലയിൽ കർഷക കുടുംബത്തിലാണ് ശുഭ്‌മാൻ ഗിൽ ജനിച്ചത്. കൊച്ചു ശുഭ്‌മാന്റെ ക്രിക്കറ്റിലെ മികവ് കണ്ട് പിതാവ് ലഖ്‌വീന്ദർ കുടുംബവുമായി മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിന് സമീപത്തേക്ക് താമസം മാറുകയായിരുന്നു. പരിശീലനത്തിനിടെ ശുഭ്‌മാന്റെ പ്രകടനം മുൻ ഇന്ത്യൻ പേസർ കഴ്‌സൺ ഗാവ്‌റി കാണാനായതാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. ക്രിക്കറ്ററായില്ലെങ്കിൽ ശുഭ്‌മാൻ കർഷകനാകുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മുത്തച്ഛൻ പറഞ്ഞത്. ഡൽഹിയിലെ കർഷക സമരത്തിന് അനുകൂലമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട് ആദ്യത്തെ ക്രിക്കറ്റ് താരം ശുഭ്‌മാൻ ആയിരുന്നു.

ഗിൽ ടെസ്റ്റ് കരിയർ

മത്സരം -32

ഇന്നിംഗ്സ് - 59

റൺസ് -1893

സെഞ്ച്വറി -5

ഫിഫ്‌റ്റി -7

ഉയർന്ന സ്‌കോർ -128

ആവറേജ് -35.05

ക്രിക്കറ്റ് വീണ്ടും അവസരം നൽകി

ഡിയർ ക്രിക്കറ്റ് ഗീവ് മി വൺ മോർ ചാൻസ് (പ്രിയപ്പെട്ട ക്രിക്കറ്റ് എനിക്ക് ഒരവസരം കൂടി നൽകൂ)... ആഭ്യന്തരക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം ന‌ടത്തിയിട്ടും തഴയപ്പെടുന്ന നിരാശയിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് കരുൺ നായർ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ കുറിച്ച വാക്കുകളാണ്. ഏതായാലും വിദർഭയെ രഞ്ജി ട്രോഫി ചാമ്പ്യൻമാരാക്കിയ ക്യാപ്ടൻ കരുണിന്റെ പ്രകടനം കണ്ടില്ലെന്ന് നടിക്കാൻ ഇത്തവണ സെലക്ടർമാർക്കായില്ല. 33-ാം വയസിൽ വീണ്ടും കരുണിന്റെ മുൻപിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ തുറന്നു. വിരേന്ദർ സെവാഗിന് ശേഷം അന്താരാഷ്ട്ര ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഒരേയൊരു താരമായ കരുൺ അവാസനമായി ഇന്ത്യക്കായി കളിച്ചത് 2017 ആഗസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ധർമ്മശാലയിൽ നടന്ന ടെസ്റ്റിലാണ്.ഇന്ത്യയ്‌ക്കായി 6 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള കരുൺ 374 റൺസാണ് നേടിയത്.