'മുതലക്കുളത്തിന്' മേലേ ഉയർന്ന ജിംനേഷ്യത്തിന് വയസ് എൺപത് !

Monday 26 May 2025 12:27 AM IST

കൊച്ചി: ഒരുകാലത്ത് നാടിന്റെ പേടിസ്വപ്നമായിരുന്ന 'മുതലക്കുളം' നികത്തി, ഏതാനും ചെറുപ്പക്കാർ ഓലമേഞ്ഞൊരു ജിംനേഷ്യം കെട്ടി. പിന്നീട് യുവാക്കളുടെ ഒഴുക്കായിരുന്നു. മട്ടാഞ്ചേരിയിൽ തുടങ്ങിയ കൊച്ചിൻ ജിംനേഷ്യം ഇന്ന് 80ന്റെ നിറവിൽ. രാജ്യത്തിന് ഒരു ഡസനിലധികം ദേശീയ താരങ്ങളാണ് ഇവിടെ പരിശീലിച്ചത്.

1945ൽ സ്വാതന്ത്ര്യസമരം കത്തിനിൽക്കെ, യുവതലമുറയുടെ ആരോഗ്യം ലക്ഷ്യമിട്ട് യോഗാചാര്യൻ ടി.എ. രാമനാശാനും സാന്റോ ഗോപാലൻ, ഡോ. എ.എൻ. അർവാരി, എസ്.വി. ഷേണായി, സി.എം.എം. മാണി, ഹൈദർ ബാബുട്ടി എന്നിവരും ചേർന്ന് ജിംനേഷ്യം എന്ന ആശയം മുന്നോട്ട് വച്ചു. ബ്രിട്ടീഷ് ഭരണാധികാരികളുടെ അനുമതിയോടെ അതേ വർഷം ഏപ്രിൽ 7ന് കേരളത്തിലെ ആദ്യ ജിംനേഷ്യങ്ങളിലൊന്നിന് തുടക്കമായി.

ബ്രിട്ടീഷുകാരും കപ്പൽ ജീവനക്കാരും അംഗങ്ങളായിരുന്നു. സിമന്റിലായിരുന്നു അന്ന് വെയിറ്റും ഡംബലുമെല്ലാം. ദീർഘകാലം പ്രസിഡന്റായിരുന്ന വി.എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഓലപ്പുരയിൽനിന്ന് ജിംനേഷ്യം അലുമിനിയം ഷീറ്റ് മേഞ്ഞ കെട്ടിടമാക്കി. ഇന്ന് ആധുനിക ജിമ്മുകൾ നിരവധി ഉയർന്നിട്ടും കൊച്ചിൻ ജിംനേഷ്യം തന്നെയാണ് പശ്ചിമകൊച്ചിയിലെ യുവാക്കളുടെ പ്രിയപ്പെട്ട ഇടം.

നഷ്ടത്തിലാണെങ്കിലും, യുവാക്കളെ കായികരംഗത്ത് കൈപിടിച്ച് നടത്തുകയെന്ന പൂർവികരുടെ ലക്ഷ്യം ഭരണസമിതി നിറവേറ്റുന്നു. 80-ാം വാർഷികം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് ആഘോഷിക്കാനൊരുങ്ങുകയാണ്.

ഗുസ്തി ഫാക്ടറി ബോഡി ബിൽഡിംഗിന് പുറമെ യോഗ, ഗുസ്തി, പഞ്ചഗുസ്തി, ജിംനാസ്റ്റിക്‌സ് എന്നിവയ്‌ക്കെല്ലാം തുടക്കത്തിൽ ഇവിടെ പ്രാധാന്യം നൽകിയിരുന്നു. നിലവിൽ വൈയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, പവർലിഫ്റ്റിംഗ്, സൈക്കിൾ പോളോ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

ഫീസ്: 3 രൂപ മുതൽ 300 രൂപ വരെ തുടക്കത്തിൽ പ്രതിമാസം മൂന്ന് രൂപയായിരുന്ന ഫീസ് പിന്നീട് അഞ്ചായി ഉയർത്തി. ഏകദേശം 20 വർഷത്തോളം ഫീസ് തുടർന്നു. കൊവിഡ് വ്യാപനം വരെ 50 രൂപയായിരുന്നു. നിലവിൽ 300 രൂപയാണ് ഫീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനം സൗജന്യമാണ്.

കുട്ടികളെ കണ്ടെത്തി കഴിവിനനുസരിച്ച് മേഖല കണ്ടെത്തി പ്രത്യേകം പരിശീലനം നൽകുന്നു. സ്കൂളുകളിൽ ഇതിനായി പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്

വി.എസ്. ഷിഹാബുദ്ദീൻ

പ്രസിഡന്റ്

കൊച്ചിൻ ജിംനേഷ്യം