കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിൽ തെങ്ങ് വീണു; യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങുവീണ് യാത്രക്കാരൻ മരിച്ചു. വടകര വില്യാപ്പള്ളിയിലാണ് സംഭവം. കൊറ്റിയാമ്പള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മീത്തൽ പവിത്രൻ (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് വില്യാപ്പള്ളി ടൗണിലേക്ക് പോകുംവഴി സ്‌കൂട്ടറിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് പവിത്രനെ ആശുപത്രിയിൽ എത്തിച്ചത്. ആപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛൻ - ദാമോദരൻ, അമ്മ - കുഞ്ഞിമാത. ഭാര്യ - റീത്ത, മക്കൾ - ഐശ്വര്യ, അശ്വതി.
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്‌ടമാണ് ഉണ്ടായത്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ ഉൾപ്പെടെ പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂർ അരിമ്പൂർ കോൾപാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെത്തുടർന്ന് പമ്പ് ഹൗസ് തകർന്നു.
മോട്ടോര്‍ ഷെഡിന്റെ മേൽക്കൂര പറന്നുപോയി. ട്രസ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഇടുക്കി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.