കപ്പൽ ഉയർത്തൽ: സങ്കീർണതകളേറെ...
കൊച്ചി: അപകടകരമായ ചരക്കുകളുമായി കൊച്ചി പുറങ്കടലിൽ മുങ്ങിയ കണ്ടെയ്‌നർ കപ്പലിനെ ഉയർത്തിയെടുക്കണോ അതോ ഉപേക്ഷിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി). 28 വർഷം പഴക്കമുള്ള, പത്ത് കമ്പനികൾ കൈമാറിയ കപ്പൽ വീണ്ടെടുക്കാൻ കമ്പനി തുനിയില്ലെന്നാണ് നിഗമനം.
കപ്പൽ ഉയർത്തിയെടുത്ത് പൊളിക്കാൻ കൊടുക്കുന്നതിനേക്കാൾ ലാഭം ഇൻഷ്വറൻസ് തുക സ്വന്തമാക്കലാണ്. ലോകത്തെ തന്നെ പ്രമുഖ ഷിപ്പിംഗ് കമ്പനിയാണ് എം.എസ്.സിയെങ്കിലും ഈ രംഗത്ത് ഇവരുടെ പശ്ചാത്തലം അത്ര സുഖകരമല്ല.
തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ ഉള്ളിലാണെങ്കിൽ രാജ്യത്തെ നിയമങ്ങൾ ബാധകമാണ്. 200 നോട്ടിക്കൽ മൈൽ വരെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയാണ്. ഇതിനുള്ളിലാണെങ്കിലും കപ്പൽ ഉയർത്താൻ കമ്പനി തയ്യാറായില്ലെങ്കിൽ നിയമ ഇടപെടലിന് പരിമിതിയുണ്ട്. തിരക്കേറിയ കപ്പൽചാലിന്റെ അടിത്തട്ടിലാണ് കപ്പൽ കിടക്കുന്നത്. ഇവിടെ 250 -300 മീറ്റർ ആഴമുണ്ട്. 50-70 മീറ്റർ ആഴമുണ്ടെങ്കിൽ കപ്പൽ ഗതാഗതത്തെ ബാധിക്കില്ല.
ഉയർത്താൻ വൻ ചെലവ്
കപ്പൽ ഉയർത്തിയെടുക്കുന്ന (സാൽവേജിംഗ്) വമ്പൻ കമ്പനികൾ സിംഗപ്പൂരിലും മറ്റുമുണ്ട്. വൻപ്രതിഫലമാണ് ഇവർക്ക് നൽകേണ്ടി വരിക. സാമ്പത്തിക ലാഭമുണ്ടെങ്കിൽ മാത്രമേ കമ്പനികൾ ഇത് ചെയ്യാറുള്ളൂ. പൊക്കിയെടുത്താൽ മാത്രം പ്രതിഫലം നൽകുന്ന ""നോ ക്യൂർ നോ പേ"" വ്യവസ്ഥയാണ് വ്യാപകം. എൽസ 3 കപ്പലിന്റെ കാര്യത്തിൽ അപകടകരമായ ചരക്കുകൾ ഉള്ളതും പ്രശ്നമാകും.
പൊക്കിയെടുക്കുന്ന കപ്പൽ പാെളിക്കൽ ശാലകളിലേക്ക് കൊണ്ടുപോകണം. ഗുജറാത്തിലെ അലാംഗിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രങ്ങളിൽ ഒന്ന്.