ചുമട്ടുതൊഴിലാളികളുടെ രക്തദാനം
Monday 26 May 2025 12:24 AM IST
കാത്തങ്ങാട്: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാസർകോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചുമട്ടുതൊഴിലാളികൾ ജില്ല ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജീവകാരുണ്യ മേഖലയിലും ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിന് ശാസ്ത്രീയ പരിശീലനം നൽകി യൂണിയൻ രൂപീകരിച്ച സന്നദ്ധസംഘടന റെഡ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. സമ്മേളനത്തിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി. രക്തദാന ക്യാമ്പ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.വി ജയചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ടി കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. രക്തദാന ക്യാമ്പിൽ നൂറിലേറെ തൊഴിലാളികൾ പങ്കെടുത്തു. ജൂൺ എട്ടിന് കുമ്പള സീതാംഗോളിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.