ഏത് ചെകുത്താനായാലും ജയിക്കും: പി.വി. അൻവർ

Monday 26 May 2025 12:48 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ ഏത് ചെകുത്താൻ മത്സരിച്ചാലും അയാൾ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടമാവുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ. യു.ഡി.എഫ് ആരെ മത്സരിപ്പിച്ചാലും ജയിക്കും. നിലമ്പൂരിൽ പിണറായി വിജയൻ മത്സരിച്ചാലും ജയിക്കില്ല. നിലമ്പൂരിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലല്ല പോരാട്ടം. ജനങ്ങളും പിണറായിയും തമ്മിലാണ്. ജൂൺ 23ന് വോട്ടെണ്ണുമ്പോൾ യു.ഡി.എഫിന് ജോയ്‌ഫുൾ ഡേ ആയിരിക്കും.

കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും സൗകര്യം ചെയ്തു കൊടുത്തു എന്നതിലപ്പുറം സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ല. കുടുംബാധിപത്യ രാഷ്ട്രീയമാണ് ഇവിടെ. പാർട്ടിയെയും ഭരണകൂടത്തെയും മരുമകന്റെ കാൽചുവട്ടിലാക്കിയ സർക്കാർ ഇന്ത്യയിലെവിടെയെങ്കിലുമുണ്ടോ. സ്വർണ്ണക്കടത്തും മാമി തിരോധാനക്കേസുമടക്കം തിരഞ്ഞെടുപ്പിൽ ചർച്ചയാവും. നിലമ്പൂരിൽ വന്യജീവി ആക്രമണവും കൃഷിനാശവുംമൂലം ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യമാണ്.