മികച്ച സ്ഥാനാർത്ഥിയെ നിറുത്തും: രാജീവ് ചന്ദ്രശേഖർ

Monday 26 May 2025 1:49 AM IST

തൃശൂർ/തിരുവനന്തപുരം: നിലമ്പൂരിൽ എൻ.ഡി.എയ്ക്ക് മികച്ച സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥി ആരെന്ന് കോർ കമ്മിറ്റി യോഗത്തിനുശേഷം വൃക്തമാക്കും. 60 വർഷത്തെ നെറികെട്ട രാഷ്ട്രീയം ജനം മടുത്തു. ഇതിനെതിരെയുള്ള വിധിയെഴുത്ത് നിലമ്പൂരിൽ ഉണ്ടാകും. ബി.ജെ.പിയുടെ പ്രധാന ഫോക്കസ് തദ്ദേശ തിരഞ്ഞെടുപ്പാണ്.

ഒൻപത് വർഷം തുടർച്ചയായി ഭരിച്ച എൽ.ഡി.എഫ് സർക്കാർ കേരളത്തിനായി ഒന്നും ചെയ്തിട്ടില്ല. വിശ്വാസവഞ്ചനയും നുണയും മുഖമുദ്ര‌‌യാക്കിയ കക്ഷികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ചതാണ്. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണിത്. അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരിൽ കാണുന്നത്. അല്ലാതെ വോട്ടർമാർ ആഗ്രഹിച്ച തിരഞ്ഞെടുപ്പ് അല്ല കേരളത്തിലെ വികസന മുരടിപ്പും സ്വജനപക്ഷപാതവും നിലമ്പൂരിലെ ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതവും എൻ.ഡി.എ ചർച്ച ചെയ്യും.