വന്യജീവി ആക്രമണം; മുഖ്യ പ്രചാരണ വിഷയം

Monday 26 May 2025 12:51 AM IST

മലപ്പുറം: മലയോര മേഖലയായ നിലമ്പൂരിൽ പ്രധാന പ്രചാരണ വിഷയമാവുക വന്യജീവി ശല്യം. നിലമ്പൂ‌ർ നഗരത്തിലടക്കം കാട്ടാനകൾ ഇറങ്ങുന്ന സ്ഥിതിയുണ്ട്. കൃഷിനാശവും വൻതോതിലുണ്ട്. ഹാംഗിംഗ് ഫെൻസിംഗ് നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം മലയോര കർഷകർ ഏറെനാളായി ഉയർ‌ത്തുന്നുണ്ട്. ജനുവരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സമീപ പഞ്ചായത്തായ കാളികാവിലെ നരഭോജി കടുവയെ പത്തുദിവസം പിന്നിട്ടിട്ടും പിടികൂടാനായിട്ടില്ല.

ഇക്കാര്യത്തിൽ സർക്കാരിന്റെ കെടുകാര്യസ്ഥത ഉയർത്തിക്കാട്ടി പ്രചാരണം മുറുക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. പ്രളയ പുനരധിവാസം പൂർത്തിയാവാത്തതും മലയോരത്ത് മികച്ച ആരോഗ്യ സൗകര്യങ്ങളില്ലാത്തതും ചർച്ചയാക്കും. ആശാവർക്കർമാരുടെ സമരം,​ മദ്യനയം,​ ലഹരി വ്യാപനം,​ ക്രമസമാധാന പ്രശ്നങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടും.

നിലമ്പൂർ ബൈപ്പാസിന് കഴിഞ്ഞ ദിവസം 227.18 കോടിയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നൽകിയതടക്കം എൽ.ഡി.എഫ് പ്രചാരണത്തിൽ എടുത്തുകാട്ടും. നിലമ്പൂരിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വികസനമാണ് നടന്നത്. 2,​000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നിലമ്പൂരിൽ നടന്നെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.പി. അനിൽ പറഞ്ഞു. സർക്കാർ നാല് വർഷം പൂർത്തിയാക്കുന്ന വേളയിൽ എത്തുന്ന തിരഞ്ഞെടുപ്പിൽ വികസനപ്രവർത്തനങ്ങളടക്കം എൽ.ഡി.എഫ് ഉയർത്തിക്കാട്ടും.