അൻവറിന് യൂദാസിന്റെ രൂപം: എം.വി. ഗോവിന്ദൻ

Monday 26 May 2025 12:53 AM IST

കണ്ണൂർ: യൂദാസിന്റെ രൂപമാണ് പി.വി.അൻവറിലുള്ളതെന്നും യു.ഡി.എഫിന് വേണ്ടി ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്ത നെറികെട്ട പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അൻവറിന്റെ പ്രവൃത്തിക്ക് നിലമ്പൂരിലെ ജനങ്ങൾ ഉപതിരഞ്ഞെടുപ്പിലൂടെ മറുപടി നൽകും.

ഇടതുമുന്നണി കൃത്യമായ, തിളക്കമുള്ള രാഷ്ട്രീയ നിലപാടുമായി ഈ സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രയിലാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പിലേക്കും 2026ലെ അസംബ്ലി തിരഞ്ഞെടുപ്പിലേക്കും ഇടതുപക്ഷത്തിന്റെ മുന്നേറ്റം കുറിക്കത്തക്കതായി മാറും.

നിലമ്പൂരിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. നാല് വർഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകും. എൽ.ഡി.എഫ് ഏത് സ്ഥാനാർത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കും. നിലമ്പൂരിൽ പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. യു.ഡി.എഫ് വലിയ പ്രതിസന്ധിയിലാണ്. നിലമ്പൂരിലും വർഗീയ കൂട്ടുകെട്ടിന് യു.ഡി.എഫ് ശ്രമിക്കും. അതിനെ എൽ.ഡി.എഫ് പ്രതിരോധിക്കും.