അറ്റ് ലാസ്റ്റ്, ചെന്നൈ
അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് തകർപ്പൻ ജയം, എന്നിട്ടും അവസാന സഥാനക്കാരായി ചെന്നൈ സൂപ്പർ കിംഗ്സ്
അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെ 83 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ 230/5, ഗുജറാത്ത് 147
അഹമ്മദാബാദ് : പോയിന്റ് പട്ടികയിൽ ഒന്നാമന്മാരായി പ്ളേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റാൻസിനെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിവിട്ട് ചെന്നൈ സൂപ്പർ സൂപ്പർ കിംഗ്സ് 18-ാം സീസൺ ഐ.പി.എല്ലിൽ 10-ാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഇതാദ്യമായാണ് ഐ.പി.എല്ലിൽ ചെന്നെ അവസാന സ്ഥാനക്കാരാകുന്നത്.
ഇന്നലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത ചെന്നൈ 230/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ചെന്നൈ 18.3 ഓവറിൽ 147 റൺസിന് ആൾഔട്ടാവുകയായിരുന്നു. 83 റൺസിനായിരുന്നു ചെന്നൈയുടെ ജയം. അർദ്ധ സെഞ്ച്വറികൾ നേടിയ ഓപ്പണർ ഡെവോൺ കോൺവേ (35 പന്തുകളിൽ 52), മദ്ധ്യനിര ബാറ്റർ ഡെവാൾഡ് ബ്രെവിസ് (23 പന്തുകളിൽ 57 റൺസ്) എന്നിവർക്കൊപ്പം ആയുഷ് മാത്രേ (34), ഉർവിൽ പട്ടേൽ (37),ശിവം ദുബെ (17), രവീന്ദ്ര ജഡേജ (21*) എന്നിവരുടെ പിന്തുണയും ചേർന്നപ്പോഴാണ് ചെന്നൈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സ്കോറിലെത്തിയത്.
മറുപടിക്കിറങ്ങിയ ഗുജറാത്തിനെ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ നൂർ അഹമ്മദും അൻഷുൽ കാംബോജും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജഡേജയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഖലീലും പതിരാണയും ചേർന്നാണ് തങ്ങളുടെ സീസണിലെ ഏറ്റവും മോശം സ്കോറിലൊതുക്കിയത്. സീസണിൽ ആദ്യമായാണ് ഗുജറാത്ത് ആൾഔട്ടായത്. 41 റൺസെടുത്ത സായ് സുദർശന് മാത്രമാണ് പിടിച്ചുനിൽക്കാനായത്.ശുഭ്മാൻ ഗിൽ (13), ജോസ് ബട്ട്‌ലർ (5),റൂതർഫോഡ് (0), ഷാറുഖ് ഖാൻ (19), തെവാത്തിയ (14), റാഷിദ് ഖാൻ (12),കോറ്റ്സെ (5), അർഷാദ് ഖാൻ (20),സായ് കിഷോർ (3) എന്നിവർ നിരാശപ്പെടുത്തി പുറത്തായി.
23 പന്തുകളിൽ നാലുഫോറും അഞ്ചുസിക്സുമടക്കം 57 റൺസ് നേടിയ ചെന്നൈയുടെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസാണ് പ്ളേയർ ഒഫ് ദ മാച്ച്.
10 തോൽവികൾ സീസണിൽ വഴങ്ങിയ ചെന്നൈ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐ.പി.എല്ലിലെ ചെന്നൈയുടെ ഏറ്റവും മോശം പ്രകടനം.
പ്ളേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് അവസാന രണ്ട് മത്സരങ്ങളിലും ദാരുണമായാണ് തോറ്റത്.ലക്നൗവിന് എതിരായ കഴിഞ്ഞമത്സരത്തിൽ 235 റൺസ് വഴങ്ങിയ ശേഷം 202/9 സ്കോറിൽ ഒതുങ്ങി. ഈ തോൽവികൾ പ്ളേ ഓഫിൽ ഗില്ലിന്റെ ടീമിന് സമ്മർദ്ദമേറ്റും.