റയൽ കോച്ചായി ഷാബീ അലോൺസോ
Sunday 25 May 2025 11:02 PM IST
മാഡ്രിഡ് : പടിയിറങ്ങിയ കാർലോ ആഞ്ചലോട്ടിക്ക് പകരം സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനമേറ്റെടുത്ത് ഷാബീ അലോൺസോ. മൂന്നുവർഷത്തേക്കാണ് 43കാരനായ മുൻതാരം കരാർ ഒപ്പിട്ടിരിക്കുന്നത്. ജൂൺ ഒന്നിന് ഷാബീ സ്ഥാനമേൽക്കും.
2009 മുതൽ 14 വരെ റയലിന് വേണ്ടി കളിച്ചിരുന്ന മിഡ്ഫീൽഡറായ ഷാബീ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസന്റെ കോച്ച് സ്ഥാനമുപേക്ഷിച്ചാണ് റയലിലേക്ക് എത്തുന്നത്. ഒന്നേകാൽ നൂറ്റാണ്ടോളം നീണ്ട ലെവർകൂസന്റെ ചരിത്രത്തിലാദ്യമായി ജർമ്മൻ ബുണ്ടസ് ലീഗ കിരീടം നേടിക്കൊടുത്ത് കഴിഞ്ഞ സീസണിൽ ഷാബീ വിസ്മയം സൃഷ്ടിച്ചിരുന്നു. ഈ സീസണിൽ ബയേണിന് പിന്നിൽ രണ്ടാം സ്ഥാനത്താവുകയായിരുന്നു . ഇത്തവണ ഒരു കിരീടം പോലും നേടാനാകാത്ത റയലിനെ കിരീടങ്ങളിലേക്ക് തിരിച്ചെത്തിക്കുകയാണ് ഷാബീയുടെ മുന്നിലുള്ള വെല്ലുവിളി.