ക്യാൻസർ വേരറുത്ത് കൃഷിയിലൂടെ ബ്ളെയ്സിയുടെ അതിജീവനം
കൊല്ലം: ക്യാൻസറിന് മുന്നിൽ തളരാതെ കൃഷിയിലൂടെ അതിജീവനം തുടരുകയാണ് സംരംഭകയായ തേവള്ളി പുത്തൻ മടം അവന്യൂ ഈഡൻസിൽ ബ്ലെയ്സി ജോർജ് (60).
2004ൽ വില്ലനായി സ്കിൻ ക്യാൻസർ ബാധിക്കുമ്പോൾ, ചവറ തെക്കുംഭാഗത്ത് സ്വന്തമായുള്ള നാലേക്കറിൽ
തെങ്ങും അവക്കാഡോയും കുരുമുളകും ജാതിയും മറ്റ് ഫലവൃക്ഷങ്ങളും വളർത്തിയെടുത്ത ഫാം മൂന്നുവർഷം പിന്നിട്ടിരുന്നു. വെയിൽകൊള്ളാൻ പാടില്ലാത്തതിനാൽ പിൻമാറാൻ ബന്ധുക്കളും ഡോക്ടർമാരും ഉപദേശിച്ചു. കൂടുതൽ ഇഴുകി ചേരാനായിരുന്നു
ബ്ളെയ്സിയുടെ തീരുമാനം. ആർ.സി.സിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും സർജറിയും ചികിത്സയും നടത്തി. കാൻസർ വിട്ടുപോയെന്ന വിശ്വാസത്തിൽ, 2011ൽ പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 25 ഏക്കറിൽ നൂറിലധികം ഇനങ്ങളുള്ള മാന്തോപ്പും തുടങ്ങി. 2017ൽ വെല്ലുവിളിയുമായി വീണ്ടും കാൻസറെത്തി.
വൃക്ക നീക്കം ചെയ്യേണ്ടിവന്നു. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചപ്പോൾ, ദളവാപുരത്ത് നഴ്സറി തുടങ്ങാനാണ് തീരുമാനിച്ചത്. നാടൻ വെളിച്ചെണ്ണ, മാങ്ങതെര, ജാം, ജാതിമിഠായി, സ്ക്വാഷ് തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളും സജ്ജമാക്കാൻ തുടങ്ങി. ആടും താറാവും കോഴിയും പശുവും എല്ലാം വളർത്തുന്നുണ്ട്.
ബിസിനസുകാരനായ ഭർത്താവ് ജോർജ് ജോസഫ്, മക്കളായ ഡോ.രജന, റേഷ്യൽ മരിയ, റെയ്നോൾഡ് ജോർജ് ജോസഫ്, മരുമക്കളായ ഡോ.ജിജു ജോസഫ്, പൃഥ്വി എന്നിവരും ബ്ലെയ്സിക്ക് തുണയായുണ്ട്. ഇപ്പോൾ ചെക്കപ്പ് നടത്താറുണ്ട്.
കൃഷിയിടത്തിലിറങ്ങുമ്പോൾ,
ഉന്മേഷം കൂടും, രോഗം മറക്കും
ചവറയിലെ കൃഷിതോട്ടത്തിലായാലും പാലക്കാട്ടെ മാന്തോപ്പിലായാലും ജോലിക്കാർക്ക് ഒപ്പം ബ്ലെയ്സി ഉണ്ടാകും. വളം ഇടാനും വെള്ളം നനയ്ക്കാനും കള പറിക്കാനും വിളവെടുക്കാനും ഒപ്പം കൂടും. അപ്പോൾ കിട്ടുന്ന ഉൻമേഷം മതി, കാൻസറിനെ മറക്കാൻ.
ഒരു മാസം ചവറയിലാണെങ്കിൽ, തുടർന്നുള്ള ഒന്നര മാസം പാലക്കാട്ടെ മാന്തോപ്പിലുള്ള കളപ്പുര മാളികയിലായിരിക്കും. രാവിലെ തന്നെ അവർക്കൊപ്പം മാന്തോപ്പിലേക്ക് ഇറങ്ങും. കൃഷി വകുപ്പിന്റെ 2021ലെ വനിതയ്ക്കുള്ള കർഷക തിലകം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തി.
മാങ്കോ ഫെസ്റ്റ്
നാടനും വിദേശിയുമായി മാങ്ങകൾ പരിചയപ്പെടുത്താൻ മാങ്കോ ഫെസ്റ്റും നടത്തുന്നുണ്ട്. പാലക്കാട്ട് മാന്തോപ്പിൽ സന്ദർശകർക്ക് നേരിട്ട് പറിച്ചെടുക്കാം. കൊല്ലത്ത് നഴ്സറിയിൽ പ്രദർശനവും വില്പനയുമാണ്.
`` ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കാൻ പഞ്ചായത്ത് തലത്തിൽ ലേബർ ബാങ്ക് തുടങ്ങണം.``
-ബ്ലെയ്സി ജോർജ്