പരീക്ഷ കഴിഞ്ഞപ്പോൾ... വെട്ടിക്കുറച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവ്

Monday 26 May 2025 12:05 AM IST

തിരുവനന്തപുരം: പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പരീക്ഷ കഴിഞ്ഞപ്പോൾ, ഉണ്ടായിരുന്ന ഒഴിവുകൾ നഷ്ടമായതിന്റെ അങ്കലാപ്പിലാണ് ഉദ്യോഗാർത്ഥികൾ. സുപ്രീംകോടതി വിധി അനുസരിച്ച് മുൻ റാങ്ക്‌പട്ടിക വിപുലമാക്കുകയും ഒഴിവുകൾ കുറയ്ക്കുകയുമാണ് ഉണ്ടായതെന്ന് പി.എസ്‌.സി പറയുന്നു.

തദ്ദേശ സ്വയംഭരണവകുപ്പിലെ ഏകീകരണം പൂർത്തിയാക്കിയതിന് ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലാണ് ഈ പ്രശ്നമുണ്ടായായത്. തസ്തികയിൽ പതിനൊന്ന് ജില്ലകളിലേക്ക് 175 ഒഴിവുകളാണ് വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്. കോട്ടയം,ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പ്രതീക്ഷിത ഒഴിവുകളുമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസം 25-ന് പരീക്ഷയും നടത്തി. ഇതിനിടെയാണ് വിജ്ഞാപനത്തിൽ തിരുത്തൽ വരുത്തിയത്. ഇതോടെ എറണാകുളത്തെ 41 ഒഴിവുകൾ ഒരെണ്ണമായി. മലപ്പുറത്ത് മൂന്ന് ഒഴിവുകൾ മാത്രമായി. 23 ഒഴിവുകളാണ് ഇവിടെ പറഞ്ഞിരുന്നത്. തിരുവനന്തപുരത്താകട്ടെ ഒഴിവുകൾ 18ൽ നിന്നും ആറായി കുറഞ്ഞു. തൃശ്ശൂരിൽ 52 ഒഴിവുകൾ ഒൻപതായി. ശേഷിച്ച ജില്ലകളിൽ ആദ്യം റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ മാറ്റമുണ്ടായില്ല.

2024 ഡിസംബർ 19-ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് വിജ്ഞാപനം പരിഷ്കരിക്കേണ്ടിവന്നതെന്ന് പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. 2023-ൽ റദ്ദായ മുൻസിപ്പൽ കോമൺ സർവീസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 റാങ്ക് പട്ടിക വിപുലീകരിച്ച് അന്നത്തെ ഒഴിവുകൾ മാറ്റി വയ്ക്കുന്നതിനാണ് പുതിയ വിജ്ഞാപനത്തിലെ 115 ഒഴിവുകൾ വെട്ടിക്കുറച്ച് പഴയ റാങ്ക്പട്ടികയിലുള്ളവർക്കായി മാറ്റിയത് .

ജില്ല -----വിജ്ഞാപനത്തിലെ ഒഴിവ് ( തിരുത്തിയ ഒഴിവ് ബ്രാക്കറ്റിൽ)

തിരുവനന്തപുരം-18 (6) കൊല്ലം-8 പത്തനംതിട്ട-8 എറണാകുളം- 41 (1) തൃശ്ശൂർ- 52 (9) പാലക്കാട് 4 മലപ്പുറം-23 (3) കോഴിക്കോട്-8 വയനാട്-5 കണ്ണൂർ -3 കാസർകോട്-5