സംസ്‌കൃത സർവകലാശാലയിൽ ബിരുദ പ്രോഗ്രാം
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2025-26 അദ്ധ്യയന വർഷം ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി ജൂൺ എട്ടു വരെ അപേക്ഷിക്കാം. സംസ്‌കൃതംസാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, സംഗീതം, ഡാൻസ് ഭരതനാട്യം, ഡാൻസ് മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു) എന്നിവയാണ് നാല് വർഷ ബിരുദ പ്രോഗ്രാമുകൾ. അറബിക്കും മൈനർ ബിരുദ പ്രോഗ്രാമായി തിരഞ്ഞെടുക്കാം.
നാല് വർഷ ബിരുദ സമ്പ്രദായത്തിൽ മൂന്ന് വിധത്തിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കാം. മൂന്ന് വർഷ ബിരുദം, നാല് വർഷ ഓണേഴ്‌സ് ബിരുദം, നാല് വർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വർഷം പ്രോഗ്രാം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് എക്‌സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം പൂർത്തിയാക്കി മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷ ബിരുദം നേടാം. നാല് വർഷം പഠനം പൂർത്തിയാക്കുന്നവർക്ക് നാല് വർഷ ഓണേഴ്‌സ് ബിരുദം ലഭിക്കും. നാലാം വർഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കും.
കാമ്പസുകളും വിഷയങ്ങളും
.................................................
കാലടി മുഖ്യക്യാമ്പസ്: സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതംന്യായം, സംസ്കൃതം ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു), സംഗീതം, ഡാൻസ് ഭരതനാട്യം, ഡാൻസ് മോഹിനിയാട്ടം എന്നീ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ.
തിരുവനന്തപുരം: സംസ്കൃതം ന്യായം, സംസ്‌കൃതം വേദാന്തം, ഫിലോസഫി.
പന്മന: സംസ്കൃതം വേദാന്തം, മലയാളം.
കൊയിലാണ്ടി: സംസ്കൃതം വേദാന്തം, സംസ്‌കൃതം ജനറൽ, സംസ്‌കൃതം സാഹിത്യം, ഹിന്ദി.
തിരൂർ: സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു)
പയ്യന്നൂർ: സംസ്കൃതം സാഹിത്യം, മലയാളം, സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യു)
ഏറ്റുമാനൂർ: സംസ്കൃതം സാഹിത്യം, ഹിന്ദി എന്നീ പ്രാദേശിക കാമ്പസുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകളുണ്ട്.
നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറൽ / എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ്.സി / എസ്.ടി വിദ്യാർത്ഥികൾക്ക് 25 വയസുമാണ്.
പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവർക്ക് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.ssus.ac.in.
ഓർമിക്കാൻ....
1. JIPMAT ഫലം:- ഐ.ഐ.എം ബോധ്ഗയ, ഐ.ഐ.എം ജമ്മു എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/IIPMAT/
യൂണി. പരീക്ഷകൾ മാറ്റി
കണ്ണൂർ: കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കുസാറ്റ് പരീക്ഷകൾ മാറ്റി
കൊച്ചി: കുസാറ്റ് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
എൻജിനിയറിംഗ് പരീക്ഷ മാറ്റി
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.