വിഴിഞ്ഞം കോഴ്സുകൾക്ക് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒരുക്കം

Monday 26 May 2025 12:10 AM IST

കൊല്ലം: വിഴി‌ഞ്ഞത്തെയും ലോകത്ത മറ്റ് വമ്പൻ തുറമുഖങ്ങളിലെയും തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കോഴ്സുകൾ തുടങ്ങാനുള്ള ഒരുക്കം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, ഇതോടനുബന്ധിച്ചുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് എന്നിവയുമായി ചേർന്നാകും സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുക.

അസാപിലെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് ഓപ്പൺ യൂണിവേഴ്സിറ്റി നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു. അതിനാൽ അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ വിദഗ്ദ്ധരാകും ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾക്ക് ക്ലാസെടുക്കുക. നേരിട്ടും ഓൺലൈനായും ക്ലാസുണ്ടാക്കും. പ്രായോഗിക പരിശീലനത്തിനാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിടുന്നത്. ആറു മാസമാകും സർട്ടിഫിക്കറ്റ് കോഴ്സുകളുടെ കാലാവധി. ഡിപ്ലോമ കോഴ്സുകൾക്ക് ഒരു വർഷവും. പരമാവധി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനാണ് ആലോചന.

എൻ.സി.വി.ടിയുടെ അംഗീകാരത്തിന് ശ്രമം

തൊഴിലധിഷ്ഠിത പഠനത്തിനുള്ള ദേശീയ ഏജൻസിയായ എൻ.സി.വി.ടിയുടെ അംഗീകാരം കോഴ്സിന് നേടാനുള്ള ശ്രമവും നടക്കുന്നു. അംഗീകാരം ലഭിച്ചാൽ വിദ്യാർത്ഥികൾക്ക് ഓപ്പൺ യൂണിവേഴ്സിറ്റിയുടേതിനു പുറമേ എൻ.സി.വി.ടിയുടെ സർട്ടിഫിക്കറ്റും ഒരേ കോഴ്സിന് ലഭിക്കും. കോഴ്സും പരീക്ഷയും നടത്തുന്നത് ഓപ്പൺ യൂണിവേഴ്സിറ്റി തന്നെയായിരിക്കും.

ആലോചനയിലുള്ള കോഴ്സുകൾ  പോർട്ട് ഓപ്പറേഷൻ  ലോജിസ്റ്റിക്സ് മാനേജ്മെന്റ്  വെയർഹൗസ് മാനേജ്മെന്റ്  ഷിപ്പിംഗ്  കണ്ടെയ്നർ ഇൻസ്പെക്ഷൻ

 ക്രെയിൻ ഓപ്പറേഷൻ

വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്. അയ്യരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വിശദ രൂപരേഖ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാതെ ധാരണാപത്രം ഒപ്പിട്ട് കോഴ്സ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഡോ. വി.പി.ജഗതിരാജ്, വൈസ് ചാൻസലർ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി