പ്ലസ് വൺ ഏകജാലക പ്രവേശനം : തിരുത്തലിന് അവസരം

Monday 26 May 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷകളിൽ ഓപ്ഷനുകളിൽ ഉൾപ്പെടെ തിരുത്തലിന് അവസരം. ശനിയാഴ്ച പ്രസിദ്ധീകരിച്ച ട്രയൽ അലോട്ട്‌മെന്റിൽ 2.5 ലക്ഷത്തോളം പേരാണുള്ളത്. അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്‌മെന്റ്. 28ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിച്ച് ക്യാൻഡിഡേറ്റ് ലോഗിനിലെ 'എഡിറ്റ് ആപ്ലിക്കേഷൻ' വഴി തിരുത്തൽ നടത്താം. ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിവരങ്ങൾ ഒഴികെ ബാക്കിയുള്ളവയെല്ലാം തിരുത്താം. ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെടാത്തവർക്കും തിരുത്തലിന് അവസരമുണ്ട്. അലോട്ട്‌മെന്റിൽ നിർണ്ണായകമാകുന്ന ജാതിസംവരണവിവരങ്ങൾ, ബോണസ് പോയിന്റിനുള്ള വിവരങ്ങൾ, പഞ്ചായത്ത്, താലൂക്ക്, ടൈ ബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കണം. തെറ്റായി നൽകിയാൽ പ്രവേശനം നിഷേധിക്കപ്പെടും. പേരിലെ തെറ്റ് തിരുത്തുന്നതിനും അവസരമുണ്ട്. അപേക്ഷകന്റെ പേരിന്റ സ്ഥാനത്ത് നിരവധിപേർ രക്ഷിതാക്കളുടെ പേരും മറ്റും രേഖപ്പെടുത്തിയിരുന്നു.