റാന്നിയിൽ വ്യാപക നാശനഷ്ടം

Sunday 25 May 2025 11:17 PM IST

റാന്നി : വെച്ചുച്ചിറ,പഴവങ്ങാടി, നാറാണംമൂഴി, പെരുനാട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശം. പഴവങ്ങാടി പഞ്ചായത്തിലെ മോതിരവയൽ 52 ൽ പാറക്കനാലിൽ സദാനന്ദൻ,​ പുലിയള്ള് പട്ടയിൽ വാസു എന്നിവരുടെ വീടുകൾ തകർന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ കൂത്താട്ടുകുളം, മണ്ണടിശാല വാകമുക്ക്, വർക്കല മുക്ക്, പ്ലാവേലിനിരവ്,കൊല്ലമുള്ള മേഖലകളിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. കൂത്താട്ടുകുളം പാലോലിൽ ബിന്ദു, പുത്തൻപുരക്കൽ രാജീവ് എന്നിവരുടെ വീടുകൾ മരം വീണ് പൂർണമായും തകർന്നു. വർക്കലമുക്ക് തച്ചനാലിൽ തങ്കച്ചൻ,​ വാകമുക്ക് പുലിയള്ളിൽ കൊച്ചുമോൻ എന്നിവരുടെ വീടുകൾക്കും നാശമുണ്ട്. . ഇടമൺ വലിയ പതാലിൽ തേക്കുമരം കടപുഴകി വീണ് ഐപിസി ഹാളിന് കേടുപാട് സംഭവിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വൈദ്യുത തൂണുകൾ ഉൾപ്പെടെ ഒടിഞ്ഞു വീണത് മൂലം കെ.എസ്.ഇ.ബിക്കും . ലക്ഷങ്ങളുടെ നഷ്ടമുണ്ട്.