കനത്തമഴയും കാറ്റും : തിരുവല്ലയിൽ അഞ്ച് വീടുകൾ തകർന്നു

Sunday 25 May 2025 11:18 PM IST

തിരുവല്ല : മഴയിലും കാറ്റിലും മൂന്നാം ദിവസവും തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കനത്തനാശം. ചുമത്രയിൽ മരങ്ങൾ വീണ് അഞ്ച് വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. ചുമത്ര ദേവസ്‌ ഭവനത്തിൽ സുരേന്ദ്രൻ, അമ്പാട്ടുകുന്നേൽ ഭാഗത്ത് റസാഖ്, ഗീത, കമലാനിവാസിൽ ജയൻ, പനവേലിൽ സന്തോഷ് എന്നിവരുടെ വീടുകളാണ് ശനിയാഴ്ച രാത്രി തകർന്നത് വൈദ്യുതി ലൈനിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണംമണിക്കൂറുകളോളം മുടങ്ങി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ പൊടിയാടിയിൽ തെങ്ങ് കടപുഴകി വീണ് ഏഴ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. പൊടിയാടി - മാവേലിക്കര റൂട്ടിൽ വെയിറ്റിംഗ് ഷെഡ് - മൂശാരിപടി റോഡിലാണ് സംഭവം. സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനിലേക്ക് അടക്കം വീഴുകയായിരുന്നു. തുടർന്നാണ് സമീപത്തെ പോസ്റ്റുകൾ ഒന്നൊന്നായി ഒടിഞ്ഞു വീണത്. റോഡിൽ ഗതാഗതവും പൂർണമായും നിലച്ചു . നൂറോളം വീടുകളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെ.എസ്ഇ.ബി അധികൃതർ അറ്റകുറ്റപ്പണികൾ തുടരുകയാണ്.