അടിസ്ഥാന സൗകര്യ വികസനം: രാജ്യത്തെ മികച്ച 100 പഞ്ചായത്തിൽ പാറശാലയും  പൂവച്ചലും

Monday 26 May 2025 12:00 AM IST

തിരുവനന്തപുരം : രാജ്യത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലെ

ആദ്യ നൂറ് റാങ്കിൽ ഇടംനേടിയ പാറശാല, പൂവച്ചൽ പഞ്ചായത്തുകൾ കേരളത്തിന് അഭിമാനമായി.

കേന്ദ്രസർക്കാരിന്റെ മിഷൻ അന്ത്യോദയ സർവേ റാങ്കിംഗിലാണ് നേട്ടംകുറിച്ചത്.

പാറശാലയ്ക്ക് 53ാം റാങ്കാണ്. സ്കോർ 139.98 . പൂവച്ചലിന് 75ാം സ്ഥാനമാണ്. സ്കോർ 138.79.

കേന്ദ്രസർക്കാരിന്റെ കൂടുതൽ സാമ്പത്തിക സഹായം ഈ പഞ്ചായത്തുകൾക്ക് ലഭിക്കും. ഈ പഞ്ചായത്തുകൾക്ക് സെൻട്രൽ ഫിനാൻസ് കമ്മിഷൻ ഗ്രാന്റ് അടക്കം വർദ്ധിപ്പിക്കും.

ഇടുക്കി എടമലക്കുടി പഞ്ചായത്താണ് സംസ്ഥാനത്ത് ഏറ്റവും പിന്നിൽ. രണ്ടുലക്ഷത്തിന് പുറത്താണ് റാങ്ക്. കണ്ണൂർ ചെറുതാഴം (130) ,കോട്ടയം അയ്‌മനം (271), കാസർകോട് കാറഡുക്ക (304),എറണാകുളം പുത്തൻവേലിക്കര (315) ,തിരുവനന്തപുരം കൊല്ലയിൽ (350) എന്നിവ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

തെലങ്കാന മുന്നിൽ

# ആദ്യ രണ്ട് റാങ്കുകൾ നേടിയ പഞ്ചായത്തുകൾ ഗുജറാത്തിലാണ്.തുടർന്നുള്ള ആറു സ്ഥാനങ്ങൾ അടക്കം

ആദ്യ നൂറിൽ ഭൂരിഭാഗവും നേടിയത് തെലങ്കാനയിലെ പഞ്ചായത്തുകളാണ്. ആന്ധ്രാപ്രദേശ്,രാജസ്ഥാൻ,തമിഴ്നാട്,ഹരിയാന,ഒഡീഷ,ബീഹാർ സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളും നൂറിൽ ഇടംപിടിച്ചു.

#ഫണ്ടുകൾ ശരിയായി വിനിയോഗിച്ച് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്ന പഞ്ചായത്തുകളെ കണ്ടെത്തുന്ന സർവേയാണിത്. 2022- 23ലാണ് സർവേ നടത്തിയത്. കൃഷി, ആരോഗ്യം, ശുചിത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലെ പ്രവർത്തനങ്ങളാണ് പരിഗണിച്ചത്.

പഞ്ചായത്തുകൾ

രാജ്യത്ത്.............2,69,474

കേരളത്തിൽ.......941

വയോജനസൗഹൃദം ലക്ഷ്യമിട്ട് അയൽകൂട്ടമാതൃകയിൽ പഞ്ചായത്തിലുടനീളം വയോജനകൂട്ടായ്മകൾ ഉൾപ്പെടെ രൂപീകരിച്ച് നടത്തിയ പ്രവർത്തങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.

-സനൽകുമാർ.ടി

പ്രസിഡന്റ്, പൂവച്ചൽ പഞ്ചായത്ത്

ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ലഭിച്ച നേട്ടമാണിത്.

-മഞ്ജു സ്മിത.എൽ

പ്രസിഡന്റ്,പാറശാല പഞ്ചായത്ത്