വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, നില അതീവഗുരുതരം

Monday 26 May 2025 12:00 AM IST

തിരുവനന്തപുരം :കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ സെൻട്രൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽകോളജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

സഹോദരനെയും പെൺസുഹൃത്തിനെയുമടക്കം അഞ്ചുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് അഫാൻ. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങിയത്. അതീവസുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. ടി.വി കാണാനായി പുറത്തിറക്കിയപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. നിമിഷനേരംകൊണ്ട് ശുചിമുറിയുടെ മേൽക്കൂരയിൽ തൂങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വാർഡൻ ഇത് കണ്ടു. 11.20ഓടെ മെഡിക്കൽകോളജിൽ എത്തിച്ചു. കഴുത്തിൽ കൃത്യമായി കുരുക്കു മുറുകിയതിനാൽ ബോധം നശിച്ചിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ഇടയ്ക്കിടെ അപസ്മാര ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറയുന്നതും ചികിത്സയെ ബാധിക്കുന്നുണ്ട്.പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 24നായിരുന്നു കൂട്ടക്കൊലപാതകം