ട്രാൻ. കെട്ടിടങ്ങളിൽ ബിവറേജസ് ഷോപ്പ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പന ഷോപ്പുകൾ ആരംഭിക്കാൻ ധാരണയായി. ആദ്യത്തെ ഔട്ട്‌ലെറ്റ് വയനാട്ടിലെ സുൽത്താൻ ബത്തേരി ബസ് ടെർമിനലിനു സമീപം അടുത്ത മാസം ആരംഭിക്കും. തുടർന്ന് അഞ്ച് സ്ഥലത്ത് കൂടി കെ.എസ്.ആർ.ടി.സിയുടെ കെട്ടിടത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കും. ബസ് സ്റ്റാൻഡിൽ നിന്നും മാറിയുള്ള കെട്ടിടങ്ങളാണ് വാടകയ്ക്ക് എടുത്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്നപ്പോൾ ഇതേ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും വിവാദം കാരണം പിൻവലിച്ചിരുന്നു. രണ്ട് സർക്കാർ സ്ഥാപനങ്ങൾക്ക് ഒരി പോലെ വരുമാനമുണ്ടാക്കുന്ന ശുപാർശ ഉപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് വീണ്ടും ചർച്ച തുടങ്ങിയത്. ബെവ്‌കോ എം.ഡി ഹർഷിത അട്ടല്ലൂരി സർക്കാരിന്റെ അനുമതി തേടി. പദ്ധതി നടപ്പായാൽ വാടക വരുമാനം സർക്കാരിലെത്തും. അതിനാൽ സ്ഥലം നൽകണമെന്നായിരുന്നു ആവശ്യം. ഗതാഗത ,എക്‌സൈസ് വകുപ്പുകൾ പച്ചക്കൊടി കാണിച്ചതോടെ ചർച്ചകൾ നടന്നു. സുൽത്താൻ ബെത്തേരിയിൽ നിലവിലെ ഔട്ട്‌ലെറ്റാണ് കെ.എസ്.ആർ.ടി.സി കെട്ടിടത്തിലേക്ക് മാറ്റുന്നത്.
ഒരു ഷോപ്പ് വരവ്
30 കോടി
പുതിയൊരു ഔട്ട്‌ലെറ്റ് തുടങ്ങുമ്പോൾ ബെവ്‌കോയ്ക്ക് 30 കോടിയാണ് പ്രതിവർഷ വിറ്റു വരവ്.പുതിയ 15 ഷോപ്പുകൾക്ക് കെട്ടിടമായി. ഇതിനുള്ള അപേക്ഷ എക്‌സൈസിൽ അന്തിമ ഘട്ടത്തിലാണ്. മൂന്ന് സൂപ്പർ പ്രീമിയം ഷോപ്പുകൾ അടുത്ത മാസം ആരംഭിക്കും. നിലവിലുള്ള ഷോപ്പുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് മദ്യം തിരഞ്ഞെടുത്ത് ബിൽ ചെയ്യാൻ കഴിയുന്ന സംവിധാനത്തിലേക്ക് മാറാനാണ് നീക്കം