കരിത്തുറയിൽ കടൽഭിത്തി തകർത്ത് കടൽ കയറി

Monday 26 May 2025 12:41 AM IST
ചവറ കരിത്തുറ വാർഡിൽ ഖനന മേഖലയിൽ കടൽ കയറിയപ്പോൾ.

ചവറ: ശക്തമായ തിരമാലയെ തുടർന്ന് കരിത്തുറയിലെ ഖനന മേഖലയിൽ കടൽ കയറി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് നാട്ടുകാർ ഐ.ആർ.ഇ കമ്പനി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണിട്ട് കടൽ തിരയെ തടയാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. ഖനനത്തിനായി കുഴിച്ച കുഴികളിൽ വെള്ളം കയറി. തുടർന്ന് കടൽ വെള്ളം സമീപത്തെ നിർമ്മാണത്തിലിരുന്ന വീടിനോട് ചേർന്ന് ഒഴുകിയത് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴാൻ കാരണമായെന്നും പരാതി ഉയർന്നു. കടൽ ഭിത്തിയ്ക്ക് വേണ്ടത്ര പൊക്കമില്ലാത്തതും കരാറുകാരുടെ അശാസ്ത്രീയ ഖനനവുമാണ് കടൽ കയറാൻ ഇടയായതെന്ന് നാട്ടുകാർ പറഞ്ഞു. കടലിൽ നിന്ന് യാതൊരു ദൂരപരിധിയും ഇല്ലാതെയാണ് കരാറുകാരൻ മണ്ണ് ഖനനം ചെയ്തുവെന്ന് നാട്ടുകാർ ആരോപിച്ചു. റവന്യൂ - കമ്പനി ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.