ക്ഷീര കർഷകർക്ക് 6 കോടിയുടെ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ച് മലബാർ മിൽമ

Monday 26 May 2025 12:53 AM IST

കോഴിക്കോട്: മലബാർ മിൽമ ക്ഷീരകർഷകർക്ക് ആറുകോടി രൂപയുടെ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ചു. മലബാർ മേഖലയിലുള്ള ക്ഷീര സംഘങ്ങളിലെ കർഷർക്കാണ് ആനുകൂല്യം ലഭിക്കുക. ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 50 കിലോഗ്രാം ചാക്കൊന്നിന് 100 രൂപ പ്രകാരം ജൂൺ മാസത്തിൽ സബ്‌സിഡിയായി ലഭിക്കും.

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ മിൽമ ഗോമതി കാലിത്തീറ്റയ്ക്ക് ഈ മാസം നൽകിയ സബ്‌സിഡി ജൂണിലും തുടരും. ഇതോടെ ജൂണിൽ ഒരു ചാക്ക് മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 200 രൂപ സബ്‌സിഡി ലഭിക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ 5.82 കോടി രൂപ കാലിത്തീറ്റ സബ്‌സിഡിയിനത്തിൽ നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ പറഞ്ഞു.