സ്ഥാനാർത്ഥി ഉടൻ: സതീശൻ
കൊച്ചി: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉപതിരഞ്ഞെടുപ്പ് നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം സ്ഥാനാർത്ഥി ആരാണെന്നും,പാർട്ടി ചിഹ്നത്തിലാണോ സ്വതന്ത്രനായാണോ മത്സരിക്കുക എന്നുമാണ് അറിയേണ്ടത്. നിലമ്പൂരിൽ 263 ബൂത്ത് കമ്മിറ്റികളും നിലവിൽ വന്നു. 24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കും. പി.വി അൻവറിന്റെ കാര്യത്തിൽ അടുത്ത ദിവസം തീരുമാനമുണ്ടാകും. ഒമ്പതുവർഷം കൊണ്ട് കേരളത്തെ തകർത്ത സർക്കാരിനെ നിലമ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ യു.ഡി.എഫ് വിചാരണ ചെയ്യും. ദേശീയപാത തകർച്ചയുമുൾപ്പെടെ ചർച്ചയാകും. നിലമ്പൂർ പ്രിയങ്കാഗാന്ധിയുടെ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ടതിനാൽ അവരെ പ്രചാരണത്തിന് എത്തിക്കുന്നതിനെക്കുറിച്ച് എ.ഐ.സി.സിയുമായി ചർച്ച ചെയ്യുമെന്നും സതീശൻ പറഞ്ഞു.