സൺറൈസേഴ്സ് ചുമ്മാ തീയായി
കൊൽക്കത്തയ്ക്ക് എതിരെ 110 റൺസിന് ജയിച്ച് പ്ളേ ഓഫ് കാണാതെ സൺറൈസേഴ്സ് ഹൈദരാബാദ് സീസൺ അവസാനിപ്പിച്ചു
ഹൈദരാബാദ് 278/3, കൊൽക്കത്ത 168
ന്യൂഡൽഹി : പ്ളേ ഓഫിൽ നിന്ന് പുറത്തായ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരത്തിൽ നേടിയത് 110 റൺസിന്റെ തകർപ്പൻ ജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടിയ ശേഷം കൊൽക്കത്തയെ 18.4 ഓവറിൽ 168 റൺസിന് ആൾഔട്ടാക്കുകയായിരുന്നു സൺറൈസേഴ്സ്. ഇതോടെ സൺറൈസേഴ്സ് കൊൽക്കത്തയെ മറികടന്ന് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായിരുന്ന കൊൽക്കത്ത എട്ടാമതേക്ക് പിന്തള്ളപ്പെട്ടു.
സെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ളാസനും (39 പന്തുകളിൽ പുറത്താകാതെ105) അർദ്ധസെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും (40 പന്തുകളിൽ 76 റൺസ് ) ചേർന്നാണ് ഹൈദരാബാദിന് മികച്ച സ്കോർ നൽകിയത്. അഭിഷേക് ശർമ്മയും (32) ട്രാവിസ് ഹെഡും ചേർന്ന് 6.5 ഓവറിൽ 92 റൺസാണ് ഓപ്പണിംഗിൽ നേടിയത്. അഭിഷേകിന് പകരമിറങ്ങിയ ക്ളാസൻ കത്തിയറിയതോടെ ഹൈദരാബാദ് 12.3ഓവറിൽ 175/1ലെത്തി. അടുത്ത പന്തിൽ ഹെഡിനെ നരെയ്ൻ പുറത്താക്കിയെങ്കിലും ഇഷാൻ കിഷൻ (29),അനികേത് (12*) എന്നിവർക്കൊപ്പം ക്ളാസൻ 278ലെത്തിച്ചു. ഏഴുഫോറുകളും ഒൻപത് സിക്സുകളുമാണ് ക്ളാസൻ പറത്തിയത്. ഹെഡ് ആറുവീതം ഫോറും സിക്സുമടിച്ചു.
മറുപടിക്കിറങ്ങിയ കൊൽക്കത്തയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജയ്‌ദേവ് ഉനദ്കദും ഇഷാൻ മലിംഗയുംഹർഷ് ദുബെയും ചേർന്നാണ് വീഴ്ത്തിയത്. സുനിൽ നരെയ്ൻ(31), മനീഷ് പാണ്ഡെ (37),ഹർഷിത് റാണ (34) എന്നിവർക്ക് മാത്രമാണ് കൊൽക്കത്ത നിരയിൽ അൽപ്പമെങ്കിലും പൊരുതാൻ കഴിഞ്ഞത്. ക്വിന്റൺ ഡി കോക്ക് (9), അജിങ്ക്യ രഹാനെ (15),ആൻഗ്രിഷ് രഘുവംശി (14), റിങ്കു സിംഗ് (9), ആന്ദ്രേ റസൽ (0) എന്നിവർ പുറത്തായതോടെ കൊൽക്കത്ത കളി കൈവിട്ടിരുന്നു.
110
ഈ സീസണിലെ റൺമാർജിനിലെ ഏറ്റവും ഉയർന്ന വിജയമാണ് സൺറൈസേഴ്സ് നേടിയത്.
278/3
ഈ സീസണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ. രാജസ്ഥാനെതിരെ സൺറൈസേഴ്സ് തന്നെ നേടിയ 286/6 ആണ് ഒന്നാം സ്ഥാനത്ത്. പഞ്ചാബിനെതിരെ നേടിയ 247/2 മൂന്നാം സ്ഥാനത്ത്.
8
ഈ സീസണിൽ സെഞ്ച്വറി നേടുന്ന എട്ടാമത്തെ താരമാണ് ഹെൻറിച്ച് ക്ളാസൻ.
105*
ഐ.പി.എൽ കരിയറിലെ ക്ളാസന്റെ ഏറ്റവും ഉയർന്ന സ്കോർ.
2
ഐ.പി.എൽ കരിയറിലെ ക്ളാസന്റെ രണ്ടാം സെഞ്ച്വറി.2023 സീസണിലായിരുന്നു ആദ്യ സെഞ്ച്വറി.
ഇന്നത്തെ മത്സരം
മുംബയ് ഇന്ത്യൻസ്
Vs
പഞ്ചാബ് കിംഗ്സ്