തോരാമഴയിൽ ജില്ലയിൽ വ്യാപകനാശം

Monday 26 May 2025 1:11 AM IST

കൊല്ലം: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശനഷ്ടം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് 26 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ കനത്തതോടെ ദേശീയപാതയിലടക്കം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 12 വീടുകൾ പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു.

24 മണിക്കൂറായി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തേവന്നൂർ റോഡുവിള വീട്ടിൽ ചിന്നമ്മയുടെ വീട് ഇടിഞ്ഞുവീണു. പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ ഒരു വീട് പൂർണമായും രണ്ട് വീട് ഭാഗികമായും തകർന്നു. കൊട്ടാരക്കര താലൂക്കിൽ ഇട്ടിവ, പൂയപ്പള്ളി, മണക്കോട്, ചക്കുവരയ്ക്കൽ എന്നിവിടങ്ങളിലായി മൂന്ന് വീട് പൂർണമായും രണ്ട് വീട് ഭാഗികമായും തകർന്നു.

പുനലൂർ താലൂക്കിൽ അഞ്ചൽ, ഇടമൺ, ഏരൂർ എന്നിവിടങ്ങളിലായി മൂന്ന് വീട് പൂർണമായും മൂന്ന് വീട് ഭാഗികമായും തകർന്നു. കുന്നത്തൂർ താലൂക്കിൽ പോരുവഴി,പടിഞ്ഞറേ കല്ലട, ശൂരനാട് വടക്ക് പഞ്ചായത്തുകളിലായി മൂന്ന് വീട് പൂർണമായും മൂന്ന് വീട് ഭാഗികമായും തകർന്നു. കരുനാഗപ്പള്ളി താലൂക്കിൽ തഴവ, ആലപ്പാട്, നീണ്ടകര എന്നിവിടങ്ങളിലായി രണ്ട് വീട് പൂർണമായും മൂന്ന് വീട് ഭാഗികമായും തകർന്നു.

പരമാവധി വീടുകളിൽ കഴിയുക

 പ്രളയ- മണ്ണിടിച്ചിൽ സാദ്ധ്യതാ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം

 രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക

 ബീച്ചുകളിലും പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്

 മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചാലുകളിൽ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാം

 ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്തരുത്

 ശക്തമായ നീരൊഴുക്കിലൂടെ മുറിച്ച് കടക്കാൻ പാടില്ല

 ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക

 മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്

 ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കണം

ഇതുവരെ ആകെ നാശനഷ്ടം

₹ 720000

ജില്ലാതല കൺട്രോൾ റൂം - 0474 2794002, 0474 2794004, 9447677800, 1077 (ടോൾ ഫ്രീ നമ്പർ)

കൃഷിവകുപ്പ് കൺട്രോൾ റൂം- 9447349503, 9383470318

ജലാശയങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.

ജില്ലാ ദുരന്തനിവാരണ അതോറിട്ടി അധികൃതർ