കടലിൽ മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് ചെറിയഴീക്കൽ അടിഞ്ഞു
കൊല്ലം: കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞദിവസം മറിഞ്ഞ കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ച കാലി കണ്ടെയ്നറുകളിലൊന്ന് ഇന്നലെ രാത്രി പത്തരയോടെ കൊല്ലം ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഫുട്ബാൾ ഗ്രൗണ്ടിനോട് ചേർന്നുള്ള തീരത്ത് അടിഞ്ഞു. പ്രദേശവാസികളുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെയ്നർ കാലിയാണെന്ന് വ്യക്തമായത്.
അടിഞ്ഞ സ്ഥലത്തുതന്നെ കണ്ടെയ്നർ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചെറിയഴീക്കലിന് സമീപമുള്ള അഴീക്കലിൽ നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ കണ്ടെയ്നർ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കളക്ടർ സ്ഥലത്തെത്തി പ്രത്യേക യോഗം ചേർന്നു. തുടർന്ന് പോസ്റ്റ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സമെന്റ് ബോട്ടുകളും പ്രദേശത്ത് കടലിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. എൻ.ഡി.ആർ.എഫിന്റെ പ്രത്യേക സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കടലിൽ മുങ്ങിയ കപ്പലിലെ വിഷാംശമുള്ള പദാർത്ഥങ്ങളടങ്ങിയ കണ്ടെയ്നറുകളിൽ ചിലത് ഇന്നലെ വൈകിട്ട് അഴീക്കൽ തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ (12 കിലോമീറ്റർ) അകലെ എത്തിയതായി സൂചന ലഭിച്ചിരുന്നു. കണ്ടെയ്നറുകൾ അടിഞ്ഞാൽ നീക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. അഴീക്കലിന് പുറമേ ജില്ലയുടെ മറ്റ് തീരമേഖലകളിലും ജാഗ്രത കർശനമാക്കിയിട്ടുണ്ട്. കടലിലെ ഒഴുക്കിന്റെയും കാറ്റിന്റെ ഗതിയും കണക്കിലെടുത്ത് അഴീക്കൽ മേഖലയിൽ പ്രത്യേക നിരീക്ഷണം രാത്രി വൈകിയും തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ നിലവിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്. കണ്ടെയ്നറുകൾ അടിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നിയന്ത്രണം ലംഘിച്ച് കടലിൽ പോയ വള്ളങ്ങളെയും ബോട്ടുകളെയും കോസ്റ്റൽ പൊലീസ് കടലിൽ പട്രോളിംഗ് നടത്തി പിന്തിരിപ്പിക്കുന്നുണ്ട്. കണ്ടെയ്നറോ എണ്ണപ്പാടയോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് തീരദേശവാസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കടലിലെ ഒഴുക്ക് നിലവിൽ കൊച്ചിയിലെ ആഴക്കടലിൽ നിന്ന് കൊല്ലം ഭാഗത്തേക്കാണ്. കടലിലെ അടിയൊഴുക്കും കാറ്റും കണ്ടെയ്നറിന്റെ സഞ്ചാരത്തെ നിയന്ത്രിക്കാം. അതുകൊണ്ട് തന്നെ കന്യാകുമാരി ഭാഗത്ത് വരെ കണ്ടെയ്നർ അടിയാനുള്ള സാദ്ധ്യയുണ്ടെന്ന് പറയുന്നു. ഇന്ന് രാവിലെക്കുള്ളിൽ ഏതെങ്കിലും തീരത്ത് അവയെത്തുമെന്ന പ്രതീക്ഷയാണ് മറൈൻ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നത്.