നിലമ്പൂരിന് ചൂടേറുന്നു; പൊതുജനത്തിനും പറയാനുണ്ട്...

Monday 26 May 2025 2:32 AM IST
ഇ.സി.കരുണാകരൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ പൊതുജനങ്ങൾക്കിടയിലും ചർച്ചകൾ പുരോഗമിക്കുകയാണ്. എൽ.ഡി.എഫ് ജയിക്കും...ഹേയ് ഒരിക്കലുമില്ല. ഇത്തവണ പന്ത് യു.ഡി.എഫ് കോർട്ടിലാവും...ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വച്ചാൽ വോട്ട് ചെയ്യാൻ ആര് പോവും...എന്നിങ്ങനെ പലതാണ് സംസാരം. നിലമ്പൂർ മണ്ഡലത്തിലെ പൊതുജനങ്ങൾ പറയുന്നതിങ്ങനെ...

നിലമ്പൂരിന്റെ പുരോഗതി ആഗ്രഹിക്കുന്നവർ എൽ.ഡി.എഫിന് തന്നെ വോട്ട് ചെയ്യും. പി.വി.അൻവർ കയറ് പൊട്ടിയ പട്ടം പോലെയാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള വികസനം നടന്നത് എൽ.ഡി.എഫ് ഭരിച്ച കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലാണ്. നിലമ്പൂർ ബൈപ്പാസ് റോഡ് നിർമ്മാണത്തിന് ഭരണാനുമതി നൽകി,​ പ്രളയ സമയത്ത് ദുരന്ത ബാധിതരെ ചേർത്ത് പിടിച്ചു, പ്രളയത്തിൽ തകർന്ന കൈപ്പിനി പാലം പുനസ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കി തുടങ്ങിയവയെല്ലാം എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളാണ്. ഇ .സി.കരുണാകരൻ, കർഷകൻ

ഇത്തവണത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. പി.വി.അൻവർ എം.എൽ.എ സ്ഥാനം ഉപേക്ഷിച്ചത് പാർട്ടിയിൽ നിന്നുള്ള നിരവധി പ്രയാസങ്ങൾ അനുഭവിച്ചാണ്. അദ്ദേഹം എൽ.ഡി.എഫ് സർക്കാരിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു. ജനങ്ങളും അത് മനസിലാക്കിയിട്ടുണ്ട്. എങ്കിലും, എൽ.ഡി.എഫ് സർക്കാരും മണ്ഡലത്തിൽ ജനങ്ങൾക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അബ്ദുസമദ്, നിലമ്പൂർ റോട്ടറി ക്ലബ് പ്രസിഡന്റ്

ആര് അധികാരത്തിൽ വന്നാലും ജനങ്ങൾക്ക് വേണ്ടി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ സാധിക്കണം. കവളപ്പാറ ദുരന്ത സമയത്ത് സർക്കാർ കൂടെ നിന്നിരുന്നു. സുജ, കവളപ്പാറ ദുരന്തം അതിജീവിത

ഇത്തവണ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആയതിനാൽ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ പോവാൻ പോവാൻ വലിയ താല്പര്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിനാൽ, പോളിംഗ് ശതമാനത്തിൽ കുറവ് വരും. നിലമ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് അനുഭാവികൾ കൂടുതലുള്ളതിനാൽ അവർ തന്നെ വിജയിക്കാനാണ് സാദ്ധ്യത. ടി.എസ്. സുബിത, എം.എസ്.ഡബ്യു

ആവശ്യമില്ലാത്ത തിരഞ്ഞെടുപ്പാണിത്. എൽ.ഡി.എഫ് വിജയിക്കാനാണ് ആഗ്രഹം. ഈ സർക്കാർ നിലമ്പൂർ മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. എന്റെ മകൾ പഠിക്കുന്ന സ്‌കൂളിലെ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. സ്‌കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ട് അടക്കം വന്നു. ടി.എ.വിജിത, വീട്ടമ്മ

യു.ഡി.എഫ് മികച്ച വിജയത്തോടെ മണ്ഡലത്തിൽ വിജയിക്കും. 16,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിലമ്പൂർ നിയോജക മണ്ഡലം തിരിച്ച് പിടിക്കും.

കെ.എം.ഷംസുദ്ധീൻ, നിലമ്പൂർ

പി.വി.അൻവർ മുഖ്യന്ത്രിക്കെതിരെ പറഞ്ഞത് മോശമായിപ്പോയി. മികച്ച നേതാവ് തന്നെയായിരുന്നു പിണറായി വിജയൻ. അൻവർ ചതിച്ചു എന്ന് തന്നെ പറയാം. പ്രവചനാതീതമായിരിക്കും ഇത്തവണത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം. വിജയലക്ഷ്മി, വീട്ടമ്മ