15 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: രക്ഷപ്പെട്ട യുവാവ് പിടിയിൽ

Monday 26 May 2025 2:33 AM IST

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളം വഴി 15 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തി രക്ഷപ്പെട്ട യാത്രക്കാരൻ പൊലീസ് പിടിയിലായി. കണ്ണൂർ പതയക്കുന്ന് കൊട്ടയംപൊയിൽ ജാസ്മിന മൻസിലിൽ പി.എം. മുഹമ്മദ് ഷെഹീറാണ് (32) പിടിയിലായത്. മേയ് 12ന് 15 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂർ വിമാനത്താവളം വഴി കടത്തി കൊണ്ടുവന്നിരുന്നു . ഇത് വാങ്ങാനെത്തിയ മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ റിജിൽ (35), തലശ്ശേരി പെരുന്താറ്റിൽ ഹിമം വീട്ടിൽ റോഷൻ ആർ. ബാബു (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ ഷമീർ ട്രോളി ബാഗിൽ ഒളിപ്പിച്ച കഞ്ചാവ് യുവാക്കൾക്ക് കൈമാറാനായിരുന്നു പദ്ധതിയിട്ടിരുന്നത്. തുടർന്ന് എയർപോർട്ട് ടാക്സിയിൽ പുളിക്കൽ വരെ എത്തിയ ഇയാൾ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പുകവലിക്കാനുണ്ടെന്ന് ഡ്രൈവറോട് പറഞ്ഞ് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ടാക്സിയിൽ ഉപേക്ഷിച്ച ട്രോളി ബാഗിൽ പതിനാലോളം വാക്വം പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെത്തി.. തുടർന്ന് പ്രതിക്കായി നടത്തിയ അന്വേഷണത്തിൽ കൊടൈക്കനാലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പന്ത്രണ്ട് ദിവസത്തിനിടെ മൈസൂരു,​ ബംഗളൂരു,​ തമിഴ്‌നാട് എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ യുവാക്കളെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതികളെ ശനിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അബുദാബിയിൽ നിന്നും എത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ഇത്രയധികം കഞ്ചാവ് ഇയാൾ കടത്തിയത്.