മൂന്നംഗ സംഘം തട്ടിയത് 77 ലക്ഷത്തിലധികം രൂപ ആദ്യം 'ടീച്ച‌‌റിൽ' വീഴ്‌ത്തി; പിന്നെ എച്ച്.എമ്മിലും!

Tuesday 27 May 2025 12:29 AM IST
മുൻ ലോക്‌സഭാ അംഗത്തിന്റെ മകനാണെന്ന് ധരിപ്പിച്ച് കൊച്ചിയിലെ പ്രമുഖ സ്‌കൂളിൽ അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും ജോലി ഉറപ്പുനൽകി തട്ടിപ്പ്

കൊച്ചി: മുൻ ലോക്‌സഭാ അംഗത്തിന്റെ മകനാണെന്ന് ധരിപ്പിച്ച് കൊച്ചിയിലെ പ്രമുഖ സ്‌കൂളിൽ അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും ജോലി ഉറപ്പുനൽകി തട്ടിപ്പ്. എറണാകുളം സ്വദേശിയായ യുവതിക്കടക്കം നഷ്ടമായത് 77 ലക്ഷത്തിലധികം രൂപ. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി.

എറണാകുളം സ്വദേശികളായ മൂന്നുപേരാണ് പ്രതികൾ. ഒരു വനിതയുൾപ്പെട്ട സംഘം ഒളിവിലെന്നാണ് വിവരം.

2011 -14 കാലയളവിലായിരുന്നു തട്ടിപ്പ്. പണം തിരികെ ലഭിക്കാതിരുന്നതോടെ യുവതിയുടെ കുടുംബം ജില്ലാ കളക്ടറെ സമീപിച്ചു. കളക്ടർ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി കൈമാറി. തുടർന്നാണ് പൊലീസ് ഈ മാസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. മുൻ എം.പിയുമായി യാതൊരു ബന്ധമില്ലാത്തവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

 സീൻ 1 വർഷങ്ങളുടെ പാരമ്പര്യമുള്ള സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ഒഴിവുണ്ടെന്നും ഇതുതരപ്പെടുത്തി നൽകാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം യുവതിയെ സമീപിക്കുന്നത്. 25,000 രൂപ ആദ്യവും പിന്നീട് 15,000 രൂപയും സ്‌കൂളിൽ നൽകാനെന്ന വ്യാജേനെ വാങ്ങിയെടുത്തു. പിന്നാലെ 20.5 ലക്ഷം രൂപ പലതവണകളായി കൈക്കലാക്കി. ഇതിനൊപ്പം തട്ടിപ്പുകാർ യുവതിയുടെ സുഹൃത്തുക്കളുടെ കൈയിൽ നിന്ന് മൂന്ന് മുതൽ പത്ത് ലക്ഷംവരെ ഇതേ പേരിൽ സ്വന്തമാക്കി.

 സീൻ 2 അദ്ധ്യാപക തസ്തിക ഇല്ലാതായെന്നും ഇതേ സ്‌കൂളിൽ പ്രധാനാദ്ധ്യാപികയുടെ ഒഴിവുണ്ടെന്നും ഇത് ഉറപ്പാക്കി നൽകാമെന്നും ഓഫർ നൽകി തട്ടിപ്പുകാർ വീണ്ടുമെത്തി. ജോലി ഉറപ്പെന്നെന്ന വാഗ്ദാനത്തിൽ യുവതിയും കുടുംബവും വീണുപോയി. നല്ലൊരു തുക വീണ്ടും നൽകേണ്ടിവരുമെന്നതും വിശ്വസിച്ചു. അടുത്തിടെ വിറ്റ സ്ഥലത്തിന്റെ പണമുൾപ്പടെ 54 ലക്ഷവും പിന്നീട് 19 ലക്ഷവും പലകാരണങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയായിരുന്നു.

 സീൻ 3 പണം തിരികെ നൽകാമെന്ന വാഗ്ദാനം തട്ടിപ്പുകാർ നൽകിയെങ്കിലും ഇക്കാലമത്രയും നടപ്പായില്ല. മറ്റൊരു മാർഗവുമില്ലാതായതോടെ കുടുംബം കളക്ടറെ സമീപിക്കുകയായിരുന്നു. സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. 10 വർഷത്തിലധികം മുമ്പുള്ള സംഭവമാണ്. തെളിവുശേഖരണമെല്ലാം വിശദമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.