നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവറിന് വഴങ്ങിയില്ല, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറിയായ ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിന് കൈമാറി. ഇന്ന് രാത്രിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ ഉയർത്തിയ സമ്മർദ്ദത്തിന് വഴങ്ങാതെയാണ് കെപിസിസിയുടെ നീക്കം.
ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കുവേണ്ടിയാണ് അൻവർ വിലപേശൽ നടത്തിയത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ വി എസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർത്ഥിക്ക് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് ജോയ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണ ജോയിക്കുണ്ടായിരുന്നു. എന്നാൽ അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിക്കുകയായിരുന്നു. മികച്ച ഡിസിസി അദ്ധ്യക്ഷനായ ജോയി തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും ആര്യാടൻ ഷൗക്കത്തിനായിരുന്നു മുൻതൂക്കം. സാമുദായിക പരിഗണന മുൻനിർത്തിയുള്ള കെപിസിസി പുനഃസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്റ് ആയതോടുകൂടി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്റെ എതിർപ്പുണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം, ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്നാണ് അൻവർ വ്യക്തമാക്കിയിരിക്കുന്നത്. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്, സ്ഥാനമോഹികൾക്ക് മത്സരിക്കണമെങ്കിൽ പത്തുമാസത്തിനിപ്പുറം നൂറിലേറെ സീറ്റുകൾ ഒഴിവുണ്ടല്ലോയെന്നാണ് അൻവർ ചോദിച്ചത്.