ട്രെയിന് മുന്നിലേക്ക് തേക്കുമരം വീണു ;   ഒഴിവായത്  വൻഅപകടം 

Tuesday 27 May 2025 12:36 AM IST

തിരുവല്ല : കുറ്റപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് തേക്ക് മരം കടപുഴകി വീണു. തിരുവല്ല റെയിൽവേ സ്റ്റേഷനും കുറ്റപ്പുഴ മേൽപ്പാലത്തിനും ഇടയിലായി സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന മരമാണ് തിരുവനന്തപുരം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന വേളാങ്കണ്ണി എക്സ്പ്രസിന് മുമ്പിലേക്ക് വീണത്. ഇന്നലെ രാവിലെ 10നാണ് സംഭവം. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിറുത്തിയശേഷം പുറപ്പെട്ട ട്രെയിന് വേഗത കുറവായിരുന്നതിനാൽ വൻഅപകടം ഒഴിവായി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി. തുടർന്ന് മുക്കാൽ മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.