ലാസ്റ്റ് മാച്ചിലും ബാഴ്സയ്ക്ക് വിജയം

Monday 26 May 2025 10:48 PM IST

മാഡ്രിഡ് : നേരത്തേ തന്നെ കിരീ‌ടം സ്വന്തമാക്കിയ ബാഴ്സലോണയ്ക്ക് സ്പാനിഷ് ലാ ലിഗ ഫുട്ബാൾ സീസണിലെ അവസാന മത്സരത്തിലും മിന്നുന്ന ജയം. അത്‌ലറ്റിക് ക്ളബിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ബാഴ്സ കീഴടക്കിയത്.14,18 മിനിട്ടുകളിലായി റോബർട്ട് ലെവാൻഡോവ്സ്കിയും ഇൻജുറി ടൈമിൽ ഡാനി ഓൾമോയുമാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

സീസണിലെ 38 മത്സരങ്ങളിൽ 28 -ാം വിജയമാണ് ലാസ്റ്റ് മാച്ചിൽ ബാഴ്സ നേടിയത്. ആറ് മത്സരങ്ങൾ തോറ്റപ്പോൾ നാലെണ്ണം സമനിലയിലായി. 88 പോയിന്റാണ് ആകെ നേടിയത്. 26 വിജയങ്ങളുമായി 84 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.76 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.

31 ഗോളുകളുമായി റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ ഈ സീസണിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ടിന് അർഹനായി. 27 ഗോളുകൾ നേടിയ റോബർട്ട് ലെവാൻഡോവ്സ്കി രണ്ടാമനായി.