പ്രതിസന്ധികളെ അതിജീവിച്ച് ബോഡി ബിൽഡിംഗിലെ ട്രാൻസ് മെൻ കരുത്ത്

Tuesday 27 May 2025 12:47 AM IST
ജയ്സണും ഭാര്യ അഞ്ജലിക്കും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡോ. എം.എസ് സുനിൽ നിർവഹിച്ചപ്പോൾ

പത്തനംതിട്ട: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി മാറിയപ്പോൾ വീട്ടുകാരും ബന്ധുക്കളും അകറ്റിയെങ്കിലും ജെയ്സൺ പതറിയില്ല. വീട്ടിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ബോഡി ബിൽഡിംഗ് തിരഞ്ഞെടുത്ത ജയ്സൺ ട്രാൻസ് വിഭാഗത്തിൽ മിസ്റ്റർ ആലപ്പുഴയും മിസ്റ്റർ കേരളയുമായി. ഇനി ദേശീയ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. ആഗസ്റ്റിൽ ഡൽഹിയിൽ നടക്കുന്ന ഒളിമ്പ്യ സ്റ്റേജ് ചാമ്പ്യൻഷിപ്പിലെ ട്രാൻസ് വിഭാഗത്തിലാണ് അടുത്ത മത്സരം.

ഇരുപതാം വയസിലാണ് ആണാകാൻ ശസ്ത്രക്രിയ നടത്തിയത്. ഏഴ് മാസത്തോളം വിശ്രമം. പൂർണ ആരോഗ്യവാനായപ്പോൾ ജിമ്മിൽ പോയി ശരീര ക്ഷമത കൂട്ടണമെന്ന ഡോക്ടറുടെ ഉപദേശമാണ് ജെയ്സണെ ബോഡി ബിൽഡിംഗ് താരമാക്കിയത്. ട്രാൻസ് വിഭാഗത്തിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ ബോഡി ബിൽഡിംഗ് മത്സരം സംഘടിപ്പിക്കുന്നത് ജെയ്സൺ ഇൗ മേഖലയിൽ എത്തിയതോടെയാണ്.

ടിക്ടോക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി അഞ്ജലിയെ വിവാഹം കഴിച്ചതോടെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. സ്വന്തം സമുദായവും അംഗീകരിച്ചില്ല. ആലപ്പുഴ മുഹമ്മ സ്വദേശിയായ ജെയ്സണും അഞ്ജലിക്കും മാർത്തോമ സഭയിലെ ഫാ. മാത്യു നവോദയ താത്കാലിക അഭയം നൽകി. വാടക വീടുകളിൽ മാറി താമസിച്ചുകൊണ്ടിരുന്ന ജെയ്സൺ നിരവധി നിർദ്ധനർക്ക് വീട് നിർമ്മിച്ചു നൽകിയിട്ടുള്ള പത്തനംതിട്ടയിലെ സാമൂഹിക പ്രവർത്തക ഡോ. എം. എസ് സുനിലിനെ കണ്ട് സങ്കടങ്ങൾ പറഞ്ഞപ്പോഴാണ് വഴിത്തിരിവായത്. ചിറ്റാറിലെ മണക്കയത്ത് അഞ്ച് സെന്റോളം വരുന്ന സ്ഥലത്ത് എം.എസ് സുനിൽ വീട് നിർമ്മിച്ചു നൽകി. ട്രാൻസ് ജൻഡർ വിഭാഗത്തിലെ ഒരാൾക്ക് ആദ്യമായാണ് സുനിൽ വീടു നിർമ്മിച്ചത്. സ്വന്തമായി വീടായതോടെ ഇരുപത്തിയേഴുകരനായ ജെയ്സൺ ജിമ്മിൽ പരിശീലനം തുടരുകയാണ്. കൊറിയർ സർവീസ് ജീവനക്കാരനാണ് ജെയ്സൺ. ഭാര്യ അഞ്ജലി സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരി.

സുനിൽ ടീച്ചറെ കണ്ടുമുട്ടാൻ കഴിഞ്ഞതാണ് ജീവിതത്തിൽ വലിയ ഭാഗ്യമായത്. സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതോടെ ജീവിക്കാനുള്ള പ്രേരണയായി. ബോഡി ബിൽഡിംഗിൽ കൂടുതൽ ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കും. പരിശീലകനാകും.

ജെയ്സൺ

സ്വപ്നങ്ങൾ സാദ്ധ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നയാളാണ് ജെയ്സൺ. സ്വന്തമായൊരു വീട് ബോഡിബിൽഡിംഗ് മത്സരങ്ങളിൽ മുന്നോട്ടു പോകാൻ അത്മവിശ്വാസം നൽകിയിട്ടുണ്ട്.

ഡോ. എം.എസ് സുനിൽ