ലാസ്റ്റ് മാച്ചിൽ ലിവർപൂളിന് സമനില

Monday 26 May 2025 10:51 PM IST

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ നേരത്തേതന്നെ കിരീടം നേടിക്കഴിഞ്ഞ ലിവർപൂളിന് സീസണിലെ അവസാന മത്സരത്തിൽ സമനില. ക്രിസ്റ്റൽ പാലസ് 1-1നാണ് ലിവറിനെ തളച്ചത്.38 മത്സരങ്ങളിൽ 25 വിജയങ്ങളുമായി 84 പോയിന്റ് നേടിയാണ് ലിവർപൂൾ കിരീടം വീണ്ടെടുത്തിരുന്നത്. 20 വിജയങ്ങളുമായി 74 പോയിന്റുള്ള ആഴ്സനലാണ് രണ്ടാം സ്ഥാനത്ത്. 71 പോയിന്റുമായി കഴിഞ്ഞസീസണുകളിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി മൂന്നാമതായി.

കഴിഞ്ഞരാത്രി ന‌ടന്ന മറ്റ് അവസാന റൗണ്ട് മത്സരങ്ങളിൽ ആഴ്സനൽ 2-1ന് സതാംപ്ടണിനെയും ചെൽസി 1-0ത്തിന് നോട്ടിംഗ്ഹാം ഫോറെസ്റ്റിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0ത്തിന് ആസ്റ്റൺ വില്ലയേയും തോൽപ്പിച്ചു. കഴിഞ്ഞദിവസം യൂറോപ്പ ലീഗ് ചാമ്പ്യൻന്മാരായ ടോട്ടൻഹാം അവസാന മത്സരത്തിൽ 1-4ന് ബ്രൈറ്റനോട് തോറ്റ് 17-ാം സ്ഥാനത്തായി.

ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിലെത്തിയ ലിവർപൂൾ, ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി,ചെൽസി, ന്യൂകാസിൽ എന്നിവർ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ടിലേക്കും ആറാമതെത്തിയ സതാംപ്ടൺ യൂറോപ്പ ലീഗ് ആദ്യറൗണ്ടിലേക്കും യോഗ്യത നേടി.

29 ഗോളുകൾ നേടിയ ലിവർപൂൾ സ്ട്രൈക്കർ മൊഹമ്മദ് സലായാണ് ഈ സീസണിലെ ടോപ്സ്കോറർ. 22 ഗോളുകളുമായി ന്യൂകാസിലിന്റെ അലക്സാണ്ടർ ഇസാക്ക് രണ്ടാമതെത്തി.