മുത്തൂറ്റ് ഫിൻകോർപ്പ് അറ്റാദായത്തിൽ കുതിപ്പ്

Tuesday 27 May 2025 12:06 AM IST

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 787.15 കോടി രൂപയായി ഉയർന്നു. മുൻവർഷത്തേക്കാൾ 39.86 ശതമാനം വളർച്ചയാണുണ്ടായത്. വരുമാനം വാർഷികാടിസ്ഥാനത്തിൽ 38.22 ശതമാനം വർദ്ധിച്ച് 5,550.53 കോടി രൂപയായി. മൊത്തം വായ്പ വിതരണം വാർഷികാടിസ്ഥാനത്തിൽ 32.11 ശതമാനം ഉയർന്ന് 66,277.31 കോടി രൂപയായി. ജനുവരി മുതൽ മാർച്ച് വരെ വരുമാനം 1,478.59 കോടി രൂപയാണ്. ആകെ കൈകാര്യം ചെയ്ത ആസ്തി 46.22 ശതമാനം വർദ്ധിച്ച് 21,922.70 കോടി രൂപയിൽ നിന്ന് 32,055.17 കോടി രൂപയായി. ഇക്കാലയളവിലെ അറ്റാദായം 191.67 കോടി രൂപയാണ്. വായ്പ വിതരണം 14,130.08 കോടി രൂപയിൽ നിന്ന് 39.05 ശതമാനം വർദ്ധിച്ച് 19,648.29 കോടി രൂപയായി.

സ്വർണ ഇതര പോർട്ട്‌ഫോളിയോ വികസിപ്പിച്ച് കൂടുതൽ കുടുംബങ്ങൾക്ക് സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു. മെച്ചപ്പെട്ട സാമ്പത്തിക ക്ഷേമത്തിലൂടെ വിപണിയിൽ നേട്ടമുണ്ടാക്കുമെന്ന് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.