കളി മണ്ണിൽ പതിഞ്ഞ റാഫയുടെ പാദമുദ്ര
ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാലിന് ആദരം
റൊളാണ്ട് ഗാരോസ് : കളമൊഴിഞ്ഞ കളിമൺ കോർട്ടിലെ ചക്രവർത്തി റാഫേ നദാലിനെ ഒരിക്കൽക്കൂടി വരവേറ്റ് റൊളാണ്ട് ഗാരോസിലെ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വേദി. 14 ഫ്രഞ്ച് ഓപ്പണുകൾ നേടിയിട്ടുള്ള റാഫയെ ആദരിക്കാനായി ഈ സീസൺ ടൂർണമെന്റിന്റെ ഉദ്‌ഘാടനദിവസം നടത്തിയ പ്രത്യേകചടങ്ങിനായി നദാലിന്റെ സമകാലീനരും ലോക ഒന്നാം നമ്പർ താരങ്ങളുമായിരുന്ന റോജർ ഫെഡറർ,നൊവാക്ക് ജോക്കോവിച്ച്, ആൻഡി മുറെ എന്നിവരുമെത്തി. ഗാലറി നിറയെ ആരാധകരുമുണ്ടായിരുന്നു.
കോർട്ടിൽ റാഫയുടെ പാദമുദ്ര പ്രത്യേകരീതിയിൽ പതിപ്പിച്ചത് ചടങ്ങിൽ പ്രകാശനം ചെയ്തു. ഫെഡററും നൊവാക്കും മുറെയും റാഫയുമായുള്ള ഓർമ്മകൾ പങ്കിട്ടു. തന്റെ കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ച വേദിയെക്കുറിച്ച് റാഫയും വാചാലനായി.
റാഫയുടെ 22 ഗ്രാൻസ്ളാം കിരീടങ്ങളിൽ 14 എണ്ണവും ഫ്രഞ്ച് ഓപ്പണിൽ നിന്നാണ്. ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയ താരമായ റാഫ 2022ലാണ് ഇവിടെ അവസാനമായി കിരീടം നേടിയത്. 2005ലായിരുന്നു ആദ്യകിരീടം. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ അലക്സാണ്ടർ സ്വരേവിനോട് തോറ്റതായിരുന്നു അവസാന മത്സരം. 116 മത്സരങ്ങൾ ഇവിടെ കളിച്ചതിൽ നാലുതവണ മാത്രമാണ് തോൽക്കേണ്ടിവന്നത്.