ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം,​ സുകാന്ത് കൊച്ചിയിൽ കീഴടങ്ങി

Tuesday 27 May 2025 12:17 AM IST

കൊച്ചി: തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുമാസമായി ഒളിവിലായിരുന്ന സുഹൃത്തും സഹപ്രവർത്തകനുമായ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് കൊച്ചിയിൽ പൊലീസിന് മുമ്പാകെ കീഴടങ്ങി. ഇന്നലെ രാവിലെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. രാത്രി പേട്ട പൊലീസ് കൊച്ചിയിലെത്തി. ഇന്നു പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ആത്മഹത്യ പ്രേരണാക്കുറ്റമടക്കം ഇയാൾക്കെതിരെ ചുമത്തിയിരുന്നു. തുടർന്ന് ഇയാളെ ഐ.ബിയിൽ നിന്ന് പിരിച്ചുവിട്ടു.

ഇയാളെ പിടികൂടാത്തതിൽ പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തു വന്നിരുന്നു. സുകാന്ത് ഒളിവിൽ പോകാൻ ഇടയായത് പേട്ട പൊലീസിന് സംഭവിച്ച വീഴ്ചയാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹപ്രവർത്തകരുടെ സഹായം ലഭിച്ചിരുന്നതായും സൂചനയുണ്ട്. മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.